ഡിറ്റക്ടീവ് അരുൺ 7
Detective Part 7 | Author : Yaser | Previous Part
കഥയിലേക്ക് കടക്കും മുമ്പ് രണ്ടു വാക്ക്. കഥ ഒരു പാട് ലേറ്റ് ആയി എന്നറിയാം. ഇതിന്റെ മുൻ ഭാഗത്തേക്കാൾ കൂടുതൽ ഈ ഭാഗം മികച്ചതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നറിയില്ല.
നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് ഇവിടെയുള്ള ഓരോ എഴുത്തുകാരന്റെയും പ്രതിഫലം. പ്ലീസ് സപ്പോർട്ട്.
എഴുതുന്നതിന്റെയും വായിക്കുന്നതിന്റെയും പത്തിലൊന്ന് സമയം പോലും വേണ്ടല്ലോ ഒരു നിർദ്ദേശം, അല്ലെങ്കിൽ അഭിപ്രായം പറയാൻ പ്രതീക്ഷയോടെ അടുത്തഭാഗം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

എത്രയും പെട്ടെന്ന് തന്നെ നന്ദൻ മേനോനെ അന്വേഷിച്ച് പോകുന്നതാണ് നല്ലതെന്ന് അരുണിന് തോന്നി. അവൻ വേഗം ഓഫീസ് പൂട്ടി ഇറങ്ങി. നന്ദൻ മേനോന് എന്തെങ്കിലും ആപത്ത് സംഭവിച്ചിരിക്കുമോ എന്ന പേടിയായിരുന്നു അവനെ അലട്ടിയത്.
അരുൺ വേഗം തന്നെ നന്ദൻ മേനോൻ താമസിച്ചിരുന്ന ലോഡ്ജിലെത്തി. അവിടെയുണ്ടായിരുന്ന ആളുകളോട് അന്വേഷിച്ചപ്പോൾ നന്ദൻ മേനോൻ രാവിലെ ഏഴുമണിയോടെയാണ് അവിടെ നിന്നിറങ്ങിയത് എന്ന് അവന് മനസ്സിലാക്കാനായി. അത് അവന്റെ മനസ്സിനെ തണുപ്പിക്കാൻ പോന്ന വാർത്തയായിരുന്നു.
അരുൺ വീണ്ടും ഓഫീസിലേക്ക് തിരികെ എത്തി. മുമ്പ് വായിച്ച വെച്ചിരുന്ന ഭീഷണിക്കത്ത് എടുത്ത് അവൻ വീണ്ടും വായിച്ചു. അതോടെ അവൻ മനസ്സിൽ ഒരു ഉറച്ച തീരുമാനമെടുത്തു.
രശ്മിയുടെ കേസ് ഒഴിവാക്കാൻ തീരുമാനിച്ചതായിരുന്നു. ഇനിയിപ്പോൾ ഒഴിവാക്കുന്നില്ല. തന്നെ അവർ വല്ലാതെ ഭയപ്പെടുന്നുണ്ട് എന്ന് അരുണിനു തോന്നി.
അരുൺ രശ്മി കേസിലെ തുടക്കം മുതൽ ഉള്ള കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങി. പ്രേമചന്ദ്രൻ കേസ് ഏൽപ്പിക്കാൻ ആയി വന്നതും, കേസ് ഏറ്റെടുത്തതും, ഡെഡ്ബോഡി കിട്ടിയതുമെല്ലാം ഒരു സിനിമയിലെന്നപോലെ അവന്റെ മനസ്സിൽ തെളിഞ്ഞു.
ആ നിമിഷങ്ങളിൽ ആണ് അവന്റെ മനസ്സിലേക്ക് ചന്ദ്രികയുടെ മുഖം കടന്നുവന്നത്. അതോടെ മറ്റെല്ലാം വിസ്മരിച്ച് അവന്റെ ചിന്ത അവളെക്കുറിച്ച് മാത്രമായി. അവളുമായി സംസാരിച്ചു നിമിഷങ്ങൾ തന്റെ ഹൃദയം തരളിതമാക്കുന്നുണ്ട് അവന് തോന്നി.
എന്റെ സ്നേഹം വെറുമൊരു കമ്പം അല്ലെന്ന് ഞാൻ നിനക്ക് തെളിയിച്ചു തരാം എന്ന് ചന്ദ്രികയോട് പറഞ്ഞ ആ നിമിഷം അവന്റെ മനസ്സിലേക്ക് എത്തി. എന്നാൽ പിന്നെ ചന്ദ്രികയുടെ വീട് വരെ ഒന്ന് പോയി വരാം എന്ന തീരുമാനം അവൻ ആ നിമിഷങ്ങളിൽ ആണ് എടുത്തത്.