അഞ്ജനകല്യാണം
Anjanakallyanam | Author : Jomon
+“”ഇവൻ കെട്ടിക്കോളും അവളെ….!!!
കല്യാണ പന്തലിനു മുൻപിൽ നിന്നുകൊണ്ട് ആഴിക്കൽ ഗോപിനാഥൻ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു..
ഒച്ചപ്പാടും ബഹളവും കേട്ട് തലപൊക്കി നോക്കിയ വിഷ്ണു കാണുന്നത് തനിക്ക് നേരെ വിരൽ ചൂണ്ടി നിൽക്കുന്ന ഗോപിനാഥനെയാണ്….
ഉള്ളം കാൽ മുതൽ തലമുടിയിഴവരെയൊരു വൈദ്യുതപ്രവാഹം കടന്ന് പോയതവൻ അറിഞ്ഞു….
ഒരു ജോലി തരാമെന്ന് പറഞ്ഞു വിളിച്ചു കൊണ്ടുവന്നിട്ടീ കെളവൻ എന്തിനാ എന്റെ കല്യാണം നടത്താൻ നില്കുന്നത് എന്നായിരുന്നു അവന്റെ മനസ്സിൽ
“”സാറേ ഞാനോ…?
മെല്ലെ കസേരയിൽ നിന്ന് എണീറ്റുകൊണ്ടുവൻ അയാൾക്കരികിലേക്ക് ചെന്നു
“അതേ നീ തന്നെ…. താൻ എന്താടോ പണിക്കരെ പറഞ്ഞത് തന്തേം തള്ളേം ഇല്ലെന്ന് കരുതി ഒരു പെണ്ണിന്റെ ജീവിതം വെച്ചാണോ നീയൊക്കെ പേക്കൂത്ത് കളിക്കുന്നത്…. “”
അടങ്ങാനാവാത്ത ദേഷ്യത്തോടെ അയാൾ പന്തലിൽ നിന്നിരുന്നവരെ നോക്കി കയർത്തു….
“നാഥൻ സാറെ ഞാനൊന്ന് പറഞ്ഞോട്ടെ…!
പന്തലിൽ നിന്നും പെണ്ണിന്റെ അച്ഛനെന്ന് തോന്നിക്കും വിധം വസ്ത്രങ്ങൾ ധരിച്ചൊരാൾ അയാളുടെ അടുത്തേക്ക് ഓടി വന്നു
“മോഹനാ നീയൊന്നും പറയണ്ട… പഴയൊരു സുഹൃത്തായത് കൊണ്ട് മാത്രമാണ് ഞാനീ കല്യാണം കൂടാൻ വന്നത്… നീയും നിന്റെ കുടുംബവും എല്ലാം ആകെ മാറിപ്പോയി… നാല് കാശ് കയ്യിൽ വന്നപ്പോ അഹങ്കാരം തലക്ക് പിടിച്ചോ നിന്റെയൊക്കെ…. ഒന്നുമല്ലേലും നിന്റെയും അവളുടെയും ഒക്കെ രക്തം ഒന്നല്ലെടാ… പിന്നെ എന്തിനാ ആ പാവത്തിനെ ഇങ്ങനെയൊരു വിഡ്ഢി വേഷം കെട്ടിച്ചവടെ ഇരുത്തിയത്…. പക തീർക്കാൻ ആണോ… മരിച്ചു മണ്ണടിഞ്ഞു പോയവരോട് എന്തിനാടാ ഇനിയും പക..!