“അത് മാത്രമല്ല ഒരു കാര്യം കൂടിയുണ്ട്.
നിവിയുടെ പതിനെട്ടാം പിറന്നാൾ ആണ് അന്ന്… ആ യാത്രയിൽ വെച്ച് ഒരു സർപ്രൈസ് ആയി ആഘോഷിക്കണം എന്നാണ് എന്റെ ആഗ്രഹം. അച്ചായനും കൂടെ ഉണ്ടെങ്കിൽ അതൊരു വലിയ സംഭവമാക്കാം.”
ഗൗരി അത് പറഞ്ഞു തീർന്നതും സ്റ്റുഡിയോയുടെ വാതിൽക്കൽ ഒരു നിഴൽ തെളിഞ്ഞു. കയ്യിൽ കുറച്ച് കവറുകളുമായി ആവേശത്തോടെ നിവേദ്യ അകത്തേക്ക് കയറി വന്നു.
അച്ചായൻ നിവേദ്യയെ സൂക്ഷിച്ചു നോക്കി. ഗൗരി പറഞ്ഞില്ലായിരുന്നെങ്കിൽ ഇവൾ അനിയത്തി ആണെന്ന് ആരും പറയില്ല. കണ്ടാൽ ഗൗരിയേക്കാൾ ലുക്കും ഒരു എടുപ്പും നിവേദ്യയിൽ തോന്നും. അഴിച്ചിട്ട ചുരുണ്ട മുടിയിഴകൾ അവളുടെ മുഖത്തെ വശ്യത വർദ്ധിപ്പിക്കുന്നു….
ആ മൂക്കുത്തിയും ചിരിക്കുമ്പോൾ വിടരുന്ന മുഖവും അവളെ ഒരു തനി നാടൻ സുന്ദരിയാക്കുന്നുണ്ടെങ്കിലും, അവളുടെ വേഷവിധാനവും ആറ്റിറ്റ്യൂഡും ഒരു മോഡലിന് ചേർന്നതാണ്. ഒരു പിങ്ക് ഷർട്ടും പാന്റും ധരിച്ച് ആത്മവിശ്വാസത്തോടെ നിൽക്കുന്ന അവളെ കണ്ടപ്പോൾ, ഇവൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിൽ അത്ഭുതമില്ലെന്ന് അച്ചായന് തോന്നി…
”ഇതാണോ അച്ചായൻ?”
നിവേദ്യ ചിരിച്ചുകൊണ്ട് ചോദിച്ചു.
”അതെ നിവി, ഇതാണ് അച്ചായൻ. നമ്മൾ പറഞ്ഞ മേഘാലയ ട്രിപ്പിന്റെ കാര്യം അച്ചായനോട് സംസാരിക്കുകയായിരുന്നു,” ഗൗരി അവളെ പരിചയപ്പെടുത്തി.
നിവേദ്യയുടെ ആവേശവും ഗൗരിയുടെ പ്ലാനിംഗും കേട്ടപ്പോൾ അച്ചായന്റെ മനസ്സിലും ആ മേഘാലയൻ യാത്രയുടെ ചിത്രം തെളിഞ്ഞു. മഞ്ഞും മഴയും നിറഞ്ഞ ആ മലനിരകളിൽ ഈ രണ്ട് പെൺകുട്ടികളെയും വെച്ച് എടുക്കാൻ പോകുന്ന ഫോട്ടോകൾ തന്റെ കരിയറിലെ തന്നെ മികച്ചതാകുമെന്ന് അച്ചായൻ ഉറപ്പിച്ചു.