അച്ചായൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
”നിവേദ്യ എവിടെ? അവൾ വന്നില്ലേ?” അച്ചായൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
”അവൾ താഴെ കടയിൽ ഒന്ന് കയറിയതാ അച്ചായാ… എന്തോ വാങ്ങാനുണ്ടെന്ന് പറഞ്ഞു. ദാ, ഇപ്പോൾ വരും,” ഗൗരി തന്റെ ബാഗ് കസേരയിൽ വെച്ചുകൊണ്ട് പറഞ്ഞു.
അവൾ സംസാരിക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കം അച്ചായൻ ശ്രദ്ധിച്ചു. നിവേദ്യയെ കാണുന്നതിനേക്കാൾ മുമ്പ് ഗൗരിയെ കണ്ടത് നന്നായി എന്ന് അച്ചായന് ഉള്ളാലെ തോന്നി. ആ സ്റ്റുഡിയോയിലെ വെളിച്ചത്തിൽ ഗൗരിയുടെ രൂപം ഒരു പെയിന്റിംഗ് പോലെ അച്ചായന്റെ മനസ്സിൽ പതിഞ്ഞു.
അച്ചായനും ഗൗരിയും തമ്മിലുള്ള സംസാരം പുരോഗമിക്കവേ, വരാനിരിക്കുന്ന ഷൂട്ടിനെക്കുറിച്ചുള്ള ഏകദേശ രൂപം തെളിഞ്ഞുവന്നു.
”ഞങ്ങൾ വിചാരിക്കുന്നത് ആ ഷൂട്ടിംഗ് മേഘാലയയിൽ വെച്ച് മതിയെന്നാണ്,”
ഗൗരി തന്റെ പ്ലാൻ അവതരിപ്പിച്ചു.
“നവംബർ മാസത്തിൽ. അതായത് അടുത്ത രണ്ട് മാസം കഴിഞ്ഞാൽ ഞങ്ങൾക്ക് അങ്ങോട്ട് പോകണം. ആ സമയത്ത് അവിടെ ഒത്തിരി നല്ല കാഴ്ചകളുണ്ടാകും. ഞങ്ങൾക്ക് അവിടെ വെച്ച് കുറെ റീൽസും ഫോട്ടോസും ഒക്കെ എടുക്കണം..”
അച്ചായൻ ഒന്ന് ആലോചിച്ചു.
“മേഘാലയയോ? അത് അത്ര ദൂരെയല്ലേ കൊച്ചേ… തൃശൂർ സൈഡിൽ തന്നെ വല്ല തറവാടോ കാടോ നോക്കിയാൽ പോരെ?”
”പോരാ അച്ചായാ,”
ഗൗരി ഉറച്ച സ്വരത്തിൽ പറഞ്ഞു.