ലവ് ബൈറ്റ് 4 [കാവൽക്കാരൻ]

Posted by

 

“എന്താ… എന്താ മാം? എന്തു പറ്റി?”

 

അയാൾ കൈകൾ കൂപ്പി, വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.

 

അനു അയാളെ ഒന്ന് അടിമുടി നോക്കി. ആ നോട്ടത്തിൽ തന്നെ അയാളുടെ ജീവൻ പകുതി പോയിക്കാണണം!

 

“എന്താടോ ഇത്? മനുഷ്യന്മാർക്ക് തിന്നാൻ കൊള്ളുന്ന സാധനമാണോ ഇവിടെ വിളമ്പുന്നത്?”

 

അവളുടെ ശബ്ദം പതുക്കെയായിരുന്നെങ്കിലും, ആ നിശബ്ദതയിൽ അത് വല്ലാതെ മുഴങ്ങിക്കേട്ടു. ആ ശബ്ദത്തിൽ തണുത്തുറഞ്ഞ ഒരു കോപമുണ്ടായിരുന്നു.

 

ഞാനും ഏട്ടത്തിയും ഞെട്ടിത്തരിച്ച് പരസ്പരം നോക്കി. ഞങ്ങൾ രണ്ടുപേരും ആർത്തിയോടെ, എന്ത് ടേസ്റ്റ് ആണെന്ന് പറഞ്ഞ് തിന്നുതീർത്ത അതേ ബിരിയാണിയാണ് അവളും കുറ്റം പറയുന്നത്!

 

ഒരൊറ്റ ചോറുമണി മാത്രം വായിൽ വെച്ചിട്ട് അവൾക്കെങ്ങനെ ഇത് പറയാൻ സാധിക്കുന്നു…?

 

“മാം… അത്… ഇന്നത്തെ ബിരിയാണി… നല്ല ഫ്രഷ്…” അയാൾ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചു.

 

“വായടക്കെടോ!”

 

അവൾ പാമ്പിനെപ്പോലെ ചീറി.

 

“ഒരു ഉണക്ക ചോറും ഇറച്ചിയും ഉണ്ടാക്കി എടുത്തു വന്നിരിക്കുന്നു! ഇതൊക്കെ തിന്ന് ഇവിടെയുള്ള രോഗികളും കൂട്ടിരിപ്പുകാരും എന്തെങ്കിലും പറ്റി ചത്താൽ നീ സമാധാനം പറയുമോ? പൈസ വാങ്ങിയിട്ടല്ലേടോ ഫുഡ് കൊടുക്കുന്നത്? വൃത്തിയായി ഒരു ഭക്ഷണം ഉണ്ടാക്കാൻ അറിയില്ലെങ്കിൽ ഈ പണി നിർത്തിയിട്ട് പോടോ!”

 

അവളുടെ ഓരോ വാക്കുകളും ചാട്ടവാറടി പോലെയാണ് അയാളുടെ മുഖത്ത് വീണത്.

 

എനിക്ക് ശരിക്കും അയാളോട് വല്ലാത്തൊരു സഹതാപം തോന്നി. പ്രായമുള്ളൊരാളാണ്, എന്റെ അച്ഛന്റെയത്രയും പ്രായം വരും. ആ കാന്റീൻ നിറയെ ആളുകൾ നോക്കി നിൽക്കുമ്പോൾ, തോർത്ത് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച്, തലകുനിച്ച്, കുറ്റവാളിയെപ്പോലെ നിൽക്കുകയാണ് അയാൾ. എന്ത് ചെയ്യണമെന്നറിയാത്ത ഒരു നിസ്സഹായാവസ്ഥ അയാളുടെ മുഖത്തുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ എന്ന് പോലും എനിക്ക് സംശയം തോന്നി. ആർക്കായാലും ആ കാഴ്ച കണ്ടാൽ സങ്കടം വരും.

Leave a Reply

Your email address will not be published. Required fields are marked *