മാത്യു വിടാതെ ചോദിച്ചു.
അൽവിഷ് മാത്യുവിനെ ഒന്ന് സൂക്ഷിച്ചു നോക്കി.
“താൻ എന്തിനാ ഇപ്പോ എന്നെ തിരഞ്ഞു വന്നത് മാത്യു..? ”
അയാൾ വീണ്ടും ഒരു വലിയ കവിൾ കുടിച്ചു കൊണ്ട് സോഫയിലേക്ക് ചാരി.
”എന്താടോ.. താൻ ഒന്ന് തെളിച്ചു പറയ്.. എന്താ സംഭവിച്ചത്…?”
മാത്യു അൽവിഷിനോട് ചോദിച്ചുകൊണ്ടേ ഇരുന്നു.
അയാളുടെ ഉള്ളിലെ വെപ്രാളം വാക്കുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു.
പക്ഷെ അൽവിഷിനു ഉത്തരം ഇല്ലായിരുന്നു.
അയാൾ ആ വലിയ മദ്യഗ്ലാസിലെ ദ്രാവകത്തിലേക്ക് നോക്കി ശൂന്യമായ കണ്ണുകളോടെ ഇരുന്നു.
”അൽവിഷ്.. താൻ എന്തിനാ ആ ഹൈ റേഞ്ച് ഹോസ്പിറ്റലിൽ പോയത്..? താൻ അമലയുടെ കേസ് നോക്കിയില്ലേ..? അവളുടെ വീട്ടിൽ പോയില്ലേ…?”
മാത്യുവിന്റെ ആ ചോദ്യം കേട്ടതും അൽവിഷ് ഒന്ന് ഞെട്ടി.
അയാളുടെ ഉള്ളിലെ ഏതോ രഹസ്യത്തിൽ മാത്യു തൊട്ടതുപോലെ.
പക്ഷെ ഉടനെ തന്നെ ആ ഞെട്ടൽ മറച്ചുപിടിച്ചുകൊണ്ട് അയാൾ കൈയിലിരുന്ന ഗ്ലാസ് ഒറ്റയടിക്ക് വായിലേക്ക് മോന്തി.
എന്നിട്ട് പതർച്ചയോടെ പറഞ്ഞു:
“എന്ത്.. ഏത് അമല…? എനിക്കറിയില്ല…”
”അൽവിഷ്.. പ്ലീസ്.. എനിക്കറിയാം.. നീ കള്ളം പറയരുത്…ഒന്ന് തെളിച്ചുപറയ്.. എന്താ സംഭവിച്ചത്..?”
മാത്യു അയാളുടെ തോളിൽ പിടിച്ചുലച്ചു.
”ഓഹ്.. അതോ.. പണ്ട് നമ്മൾക്ക് കൈപ്പിഴ കൊണ്ട് ജീവൻ പോയ ആ പെണ്ണ്.. അവളുടെ വീട്ടിൽ ഒന്ന് പോകണോന്ന് തോന്നി.. ഒരു പാപമോചനം പോലെ..”