“അൽവിഷ്.. എന്താ.. ഇത്.. എന്താ ഇങ്ങനെ.. ഇതെന്ത് കോലം..?” മാത്യുവിന്റെ ശബ്ദത്തിൽ വേദനയും അതിലേറെ അവിശ്വാസവും നിറഞ്ഞു നിന്നു.
അൽവിഷ് ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരുതരം നിസ്സംഗതയായിരുന്നു.
“താൻ ഇരിക്ക്.. എന്താ വന്നത്..? ഒന്ന് ഒഴിക്കട്ടെ തനിക്ക്..?”
അയാൾ കൈകൊണ്ട് അരികിലെ സോഫയിലേക്ക് ചൂണ്ടി.
മാത്യുവിന്റെ കണ്ണുകൾ ആ ലിവിങ് റൂമിലെ ഷെൽഫിലേക്ക് നീങ്ങി.
അവിടെ പുസ്തകങ്ങൾക്ക് പകരം നിരനിരയായി ഇരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മദ്യക്കുപ്പികളാണ്.
വിദേശ ബ്രാൻഡുകളുടെ ഒരു വലിയ ശേഖരം തന്നെ അവിടെയുണ്ട്.
പകുതി കാലിയായ കുപ്പികളും ഗ്ലാസുകളും ടീപ്പോയിയിൽ ചിതറിക്കിടക്കുന്നു.
ആ ആഡംബര വീട് ഇപ്പോൾ ഒരു വലിയ ബാർ ആയി മാറിയിരിക്കുന്നു. മാത്യു അത് കണ്ട് അന്തം വിട്ടു നിന്നു.
”എന്താ അൽവിഷ്.. താൻ ഇത് എന്തിനാ ഇങ്ങനെ കുടിക്കുന്നത്..?”
മാത്യു അയാളുടെ അരികിലേക്ക് നീങ്ങി ചോദിച്ചു.
“നമ്മളൊക്കെ പണ്ട് വല്ലപ്പോഴും ഒരു സന്തോഷത്തിന് കുടിച്ചിരുന്നവരല്ലേ.. ഇതിപ്പോ നിന്റെ ജീവിതം തന്നെ ഇതിലായോ..?”
അൽവിഷ് ഒരു വലിയ ഗ്ലാസിലേക്ക് മദ്യം പകർന്നു കൊണ്ട് തലയുയർത്തി.
“സന്തോഷത്തിനോ..? അല്ല മാത്യു.. ഇത് സന്തോഷത്തിനല്ല.. മറക്കാൻ വേണ്ടിയാ.. ഉറങ്ങാൻ വേണ്ടിയാ..”
അയാൾ ഒരു വലിയ കവിൾ കുടിച്ചു കൊണ്ട് സോഫയിലേക്ക് ചാരി ഇരുന്നു.
”എന്ത് മറക്കാൻ..?”