ഷാജിയേട്ടൻ മാത്യുവിനെ അടിമുടി ഒന്ന് നോക്കി.
“കൊണ്ടുപോകാം സാറേ.. പക്ഷേ ആ പഴയ മുറിവുകൾ വീണ്ടും കുത്തിത്തുറക്കുന്നത് സാറിന് താങ്ങാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ല.എന്റെ ഡ്യൂട്ടി തുടങ്ങാൻ ഇനിയും സമയമുണ്ട്.സർ ഓക്കേ ആണെങ്കിൽ നമുക്ക് പോവാം..”
മാത്യു തന്റെ കാറിനടുത്തേക്ക് നടക്കുമ്പോൾ തലയിൽ ആയിരം വവ്വാലുകൾ ചിറകടിക്കുന്നതുപോലെ അയാൾക്ക് തോന്നി.
അൽവിഷ്.. സാം..നാതാഷാ… അമല.. ഷാജിയേട്ടൻ.. എല്ലാവരും ഒരേ ചരടിൽ കോർത്ത മുത്തുകൾ പോലെ തന്റെ ജീവിതത്തെ വരിഞ്ഞുമുറുക്കുകയാണ്. താൻ ഇത്രയും കാലം അറിഞ്ഞത് പകുതി സത്യങ്ങൾ മാത്രമാണോ?!!
”ആഹ്.. മാത്യു സാറെ.. അവിടെ വച്ച് സർ അമലയുടെ സർജറി ചെയ്ത ഡോക്ടർ ആണെന്ന് ഒന്നും പറയാൻ നിക്കണ്ട..
അമലയുടെ പണ്ടത്തെ ടീച്ചർ ആണെന്ന് അങ്ങാനും കള്ളം പറയാം..”
വഴിമധ്യേ ഷാജിയേട്ടൻ ഉപദേശിച്ചു. മാത്യു ആ മരവിപ്പിനിടയിലും തലയാട്ടി. മാത്യു അയാളെയും കൊണ്ട് വണ്ടി വേഗത്തിൽ വിട്ടു.
അമലയുടെ വീട്ടിലേക്ക്…
മരങ്ങൾ തിങ്ങിനിറഞ്ഞ ആ ഇടവഴിയിൽ, കാലപ്പഴക്കം ചെന്ന ആ പഴയ തറവാട് വീട് ഒറ്റപ്പെട്ടതുപോലെ നിന്നു.
ചുറ്റുമുള്ള വീടുകൾ ദൂരെയാണ്.
ആ വീടിന്റെ മുറ്റത്ത് ഒരാൾ കൃഷിപ്പണിയിൽ ഏർപ്പെട്ടിട്ടുണ്ട്.
“അത് അമലയുടെ അമ്മാവനാണ്.. അയാൾ ആണ് ഇപ്പോ ഇവിടെ താമസം..”
ഷാജിയേട്ടൻ പതുക്കെ പറഞ്ഞു. മാത്യു വണ്ടി സൈഡ് ആക്കി. ഹൃദയമിടിപ്പ് കാതുകളിൽ മുഴങ്ങുന്നതുപോലെ അയാൾക്ക് തോന്നി.