”അത് ശരിയാ. പക്ഷെ കാണാൻ നല്ല രസം ഉണ്ടായിരുന്നല്ലോ. ഏതോ പഴയ സിനിമ നടി പോലെ. എന്താടാ… നിന്റെ പണ്ടത്തെ കാമുകി വല്ലതും ആണോ?”
നതാഷ തമാശയ്ക്ക് ചോദിച്ചതാണെങ്കിലും ആ ചോദ്യം ഒരു വെടിയുണ്ട പോലെ സാമിന്റെ നെഞ്ചിൽ തറച്ചു. അയാൾ ഒന്ന് പിടഞ്ഞു.
”അല്ല… നീ ഒന്ന് മെലിഞ്ഞാൽ എങ്ങനെ ഉണ്ടാകും എന്നോർത്ത് വരച്ചതാ.”
അയാൾ കള്ളം പറഞ്ഞു ഒപ്പിച്ചു.
”അപ്പൊ ഞാൻ തടിച്ചിയാണെന്നാണോ? എടാ…!”
അവൾ തല തോർത്തിക്കൊണ്ടിരുന്ന തോർത്തെടുത്ത് സാമിന്റെ നേർക്ക് എറിഞ്ഞു.
സാം അത് പിടിച്ചെടുത്ത് അവൾക്ക് നേരെ പാഞ്ഞടുത്തു.
അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് ആ തോർത്ത് കൊണ്ട് ബലമായി കെട്ടാൻ നോക്കി.
“അയ്യോ… വേണ്ട… എനിക്ക് പോകാനുള്ളതാ!”
അവൾ ചിരിച്ചു കൊണ്ട് തടയാൻ ശ്രമിച്ചു.
അയാൾ അവളെ കൂടുതൽ ചേർത്തുപിടിച്ചു ബെഡിലേക്ക് ഇട്ടു.
വർഷങ്ങൾക്ക് മുൻപ് അമലയോടൊപ്പം അവസാനിച്ചു എന്ന് കരുതിയ പ്രണയത്തിന്റെ ആ പഴയ നിമിഷങ്ങൾ നതാഷയിലൂടെ തിരിച്ചു വരികയാണെന്ന് അയാൾക്ക് തോന്നി.
ആ അറിവ് അയാളെ വല്ലാതെ തളർത്തിക്കളഞ്ഞു.
ഒരു നിമിഷം എന്തോ ആലോചിച്ചു അയാൾ നിശ്ചലനായി നിന്നതും നതാഷ അയാളെ തള്ളിമാറ്റി.
”എപ്പോഴും കിടക്കയിൽ കിടന്നാൽ ശരിയാവില്ല മോനെ!”
അവൾ ചിരിച്ചു കൊണ്ട് ഡ്രസ്സുമായി അടുത്ത മുറിയിലേക്ക് ഓടി.
നതാഷ പോയ വഴിയിലേക്ക് നോക്കി നിൽക്കുമ്പോൾ സാമിന്റെ മുഖത്തെ ചിരി മാഞ്ഞു.