സൂര്യൻ അസ്തമിച്ചു തുടങ്ങി നേരം നല്ലോണം ഇരുട്ടി തുടങ്ങി.
ആ രണ്ട് നില വീട്ടിൽ…………
“മോനെ ചോറും കുറച്ച് കറിയും ടേബിളിന്റെ മേലെ എടുത്ത് വെച്ചിട്ടുണ്ട് കഴിക്കണേ… രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ ആ പെണ്ണും ഒരു വറ്റുപോലും കഴിക്കാൻ കൂട്ടാക്കിയില്ല. ഒരേ കിടപ്പാണ് മോൻ വിളിച്ചാൽ അവള് കഴിക്കും ”
വീടിന്റെ അടുത്തുള്ള രാധിക ചേച്ചി ആണ്, കൂടെ അവരുടെ ഭർത്താവ് അനീഷേട്ടനും ഉണ്ട്.
“മംമ്മ് ” ഞാൻ മറുപടിയായി ഒന്ന് മൂളി.
“ഇന്ന് ഞങ്ങൾ ഇവിടെ കിടക്കണോടാ ”
അനീഷേട്ടൻ എന്നോടായി ചോദിച്ചു.
“ഏയ് വേണ്ട ഇനി എന്നും ഒറ്റക്കാണല്ലോ, മാത്രമല്ല കിച്ചു നിങ്ങളെയും നോക്കി ഇരിക്കുന്നുണ്ടാകും.”
“എന്ന ഞങ്ങൾ ഇറങ്ങുവാണേ ”
എന്നും പറഞ്ഞ് അവര് രണ്ടാളും സിറ്റൗട്ടിലേക്ക് ഇറങ്ങി.
“എടാ ഭക്ഷണം കഴിക്കാൻ മറക്കല്ലേ”
ഒരു ഓർമ്മപ്പെടുത്തൽ എന്നോണം ഒന്നുടെ ചേച്ചി അത് പറഞ്ഞു അവരുടെ വീട്ടിലേക്ക് നടന്നു.
ചുറ്റും നല്ലോണം ഇരുട്ടായി ഞാൻ അകത്തേക്ക് കയറി മുൻവാതിൽ ലോക്ക് ചെയ്തു.
സമയം ഏകദേശം രാത്രി 8:00 മണിയാകാറായി, മൊത്തത്തിൽ നിശബ്ദമായ അന്തരീക്ഷം. ഞാൻ പതിയെ അച്ഛന്റെയും അമ്മയുടെയും ബെഡ്‌റൂം ലക്ഷ്യമാക്കി നടന്നു.
അവിടെ ബെഡിൽ ചുരുണ്ടുകൂടി കിടക്കുകയാണ് അവൾ എന്റെ അനിയത്തി.
“ചിഞ്ചു, മോളെ എണീറ്റേ കുറച്ച് ഭക്ഷണം കഴിച്ചിട്ട് കിടക്കാം, വാ എഴുനേൽക്ക്.”
ഞാൻ ശബ്ദം കുറച്ച് ചിഞ്ചുവിനെ തട്ടി വിളിച്ചു.