രണ്ടുപേരും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു തുടങ്ങുകയായിരുന്നു. പെട്ടെന്നാണ്, ഒരു വലിയ ശബ്ദത്തോടെ ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ഇട്ടത്. പാളത്തിൽ എന്തോ തടഞ്ഞതുപോലെ ഒരു കഠിനമായ കുലുക്കം!
”ഠിം!”
ആദിത്യയുടെ കയ്യിലിരുന്ന ചിക്കൻ കറിയുടെ പാത്രം വഴുതി നേരെ ശിവാനിയുടെ സ്റ്റീൽ പാത്രത്തിലേക്ക് മലക്കം മറിഞ്ഞു. അവളുടെ വെളുത്ത ഇഡ്ഡലികൾക്കും മഞ്ഞ സാമ്പാറിനും മുകളിലൂടെ എറണാകുളം ചിക്കൻ കറി ഒരു പ്രളയം പോലെ ഒഴുകി. അവളുടെ ഇളം നിറത്തിലുള്ള ചുരിദാറിലും കുറച്ച് തെറിച്ചു.
ഒരു നിമിഷം നിശബ്ദത. പിന്നെ പൊട്ടിത്തെറി!
ശിവാനി: (ചാടി എഴുന്നേറ്റ്) “ഹേയ്! താൻ ഇത് എന്ത് കാണിക്കുവാ? നോക്കി ഇരുന്നു കൂടെ?”
ആദിത്യ: (പതറിപ്പോയി) “അത്… അത് ഞാൻ മനപ്പൂർവ്വം ചെയ്തതല്ലല്ലോ. ട്രെയിൻ പെട്ടെന്ന് കുലുങ്ങിയതല്ലേ.”
ശിവാനി: “എന്റെ ഇഡ്ഡലി! ഞാൻ എത്ര കൊതിയോടെ കഴിക്കാൻ ഇരുന്നതാ. ഈ ചിക്കൻ കറി ഇതിൽ വീണാൽ ഇനി എനിക്ക് ഇത് കഴിക്കാൻ പറ്റുമോ? ഞാൻ പ്യുവർ വെജിറ്റേറിയനാ!”
അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ആദിത്യക്ക് ചിരി വന്നെങ്കിലും സാഹചര്യം മോശമാണെന്ന് അവന് മനസ്സിലായി.
ആദിത്യ: “സോറി… പക്ഷേ താൻ ഇത്ര പേടിക്കാൻ എന്തിരിക്കുന്നു? ചിക്കൻ കറി വീണാൽ ടേസ്റ്റ് കൂടുമെന്നേ ഉള്ളൂ. ഇതിപ്പോ ഒരു ‘ഫ്യൂഷൻ’ വിഭവമായി മാറിയില്ലേ? ഇഡ്ഡലി-സാമ്പാർ-ചിക്കൻ! ഒരു പുതിയ cuisine!”
ശിവാനി: “തമാശ കളിക്കല്ലേ! ഇത് എന്റെ വിശ്വാസത്തിന്റെ കാര്യമാണ്. ഈ രാത്രിയിൽ ഞാൻ ഇനി എന്ത് കഴിക്കും? തന്റെ ഈ സ്മാർട്ട് ടോക്ക് ഒന്നും എന്റെ വിശപ്പിന് പരിഹാരമാകില്ല.”