രണ്ട് നിലയുടെ ഉയരത്തിലാണ് ഹാളിന്റെ സീലിംഗ്. അതിന്റെ ഒത്ത നടുക്കായി തൂങ്ങി നിൽക്കുന്ന ഭീമാകാരമായ ഒരു ചില്ലുവിളക്ക്.
ആയിരം നക്ഷത്രങ്ങൾ ഒരുമിച്ച് കത്തിനിൽക്കുന്നത് പോലെ അത് പ്രകാശിക്കുന്നുണ്ട്. അതിന്റെ വെളിച്ചം തറയിലെ മാർബിളിൽ തട്ടി പ്രതിഫലിക്കുന്നത് കാണാൻ തന്നെ വല്ലാത്ത ഭംഗി.
ഹാളിന്റെ വലതുവശത്ത്, രാജകൊട്ടാരങ്ങളിലെ സിംഹാസനം പോലെ തോന്നിക്കുന്ന വലിയ സോഫകൾ.
തേക്ക് കൊണ്ടാണോ അതോ റോസ് വുഡ് ആണോ എന്നറിയില്ല, കൊത്തുപണികൾ ചെയ്ത ആ ഇരിപ്പിടങ്ങൾ കണ്ടാൽ തന്നെ ഇരിക്കാൻ ഒരു മടി തോന്നും.
ചുവരുകളിൽ വലിയ പെയിന്റിംഗുകൾ. എല്ലാം പ്രശസ്തരായ ആരുടെയൊക്കെയോ വരകളാണെന്ന് തോന്നുന്നു. ഓരോന്നും കോടികൾ വിലമതിക്കുന്നതാവാം.
ഏറ്റവും ആകർഷിച്ചത് നടുക്കുള്ള ആ ഗോവണിപ്പടിയായിരുന്നു….
രണ്ട് വശത്തുനിന്നും വളർന്നു വന്ന് ഒന്നായി ചേരുന്ന, സിനിമകളിലൊക്കെ കാണുന്ന തരം വലിയൊരു സ്റ്റെയർകേസ്. അതിന്റെ കൈവരികൾ സ്വർണ്ണ നിറത്തിലാണ്.
ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും പണത്തിന്റെ ഗന്ധമുണ്ടായിരുന്നു. പക്ഷേ, അത് അരോചകമായിരുന്നില്ല. മറിച്ച്, വളരെ ഒതുക്കത്തോടെ, ഒരു രാജകീയ പ്രൗഢിയോടെയാണ് എല്ലാം ക്രമീകരിച്ചിരിക്കുന്നത്.
ഞാൻ കണ്ണെടുക്കാതെ ആ കാഴ്ചകൾ കണ്ട് അങ്ങനെ നിന്നുപോയി. എന്റെ വീടിന്റെ മൊത്തം വലുപ്പം കാണും, ഇവരുടെ ഈ ഹാളിന് മാത്രം!
“എല്ലാവരും ഇരിക്കൂ…”
ലക്ഷ്മി മാഡം ഞങ്ങളെ ആ രാജകീയമായ സോഫയിലേക്ക് ക്ഷണിച്ചു.