നേരിയ കസവ് സാരിയുടുത്ത്, നെറ്റിയിൽ വലിയൊരു ചന്ദനക്കുറിയും തൊട്ട്, മുഖത്ത് നിറയെ സ്നേഹവുമായി നിൽക്കുന്ന അവരെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി.
സത്യം പറയാല്ലോ… കുളിച്ചിട്ടല്ലാതെ ആ ദേഹത്ത് ഒന്ന് തൊടാൻ പോലും നമുക്ക് തോന്നില്ല. അത്രയ്ക്കും വെടിപ്പും വൃത്തിയും!
അല്ലെങ്കിലും ഈ പണക്കാർ ഒക്കെ ഏകദേശം അങ്ങനെത്തന്നെയല്ലേ… പൊടി പോലും പറ്റാത്ത ഏതോ കണ്ണാടിക്കൂട്ടിൽ നിന്നും ഇറങ്ങി വന്നതുപോലെ. അവരുടെ ചർമ്മത്തിന് പോലും ഒരു പ്രത്യേക തിളക്കമാണ്. വെയിലും മഴയും ഒന്നും കൊള്ളാത്തതിന്റെ ഗുണം!
അവർ കൈകൂപ്പി ചിരിച്ചുകൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു. അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് അവർ അകത്തേക്ക് ക്ഷണിച്ചു.
ഞാൻ മെല്ലെ അവരുടെ പിന്നാലെ നടന്നു.
പ്രധാന വാതിൽ കടന്ന് ഉള്ളിലേക്ക് കയറിയതും…
ഞാൻ ശരിക്കും വേറൊരു ലോകത്താണോ എന്ന് സംശയിച്ചുപോയി!
പുറത്തെ ചൂടും വെയിലും ഒക്കെ ആ വാതിലിന് പുറത്ത് അവസാനിച്ചിരിക്കുന്നു. ഉള്ളിൽ കാശ്മീരിലെ തണുപ്പ് പോലെ, എസിയുടെ കുളിർമ. എവിടെ നിന്നോ ഒഴുകി വരുന്ന മുല്ലപ്പൂവിന്റെയും വിലകൂടിയ റൂം സ്പ്രേയുടെയും സുഗന്ധം.
എന്റെ കാലുകൾ തറയിൽ പതിഞ്ഞപ്പോൾ ഞാൻ താഴേക്ക് നോക്കി.
തറയാണോ അതോ വെള്ളമാണോ?
ഇറ്റാലിയൻ മാർബിൾ! വെളളയിൽ ചാരനിറത്തിലുള്ള വരകളുള്ള, കണ്ണാടി പോലെ തിളങ്ങുന്ന തറ. അതിൽ എന്റെ പ്രതിബിംബം വ്യക്തമായി കാണാം. ചെരുപ്പിട്ട് നടക്കാൻ പോലും പേടി തോന്നുന്ന വൃത്തി.
തലയുർത്തി മുകളിലേക്ക് നോക്കി.