അവളുടെ വാക്കുകൾ മുറിഞ്ഞു.
അവൾ വീണ്ടും അഭിയുടെ നെറ്റിയിൽ ചുംബിച്ചു. ഒരു അമ്മ തന്റെ കുഞ്ഞിനെ കാവലിരിക്കുന്നത് പോലെ അവൾ അവന് കൂട്ടിരുന്നു. ഉറക്കത്തിൽ അവൻ അവളുടെ വസ്ത്രത്തിൽ മുറുക്കി പിടിച്ചിട്ടുണ്ട്. ആ പിടുത്തത്തിൽ തനിക്ക് മാത്രം നൽകാൻ കഴിയുന്ന ഒരു സുരക്ഷിതത്വം അവൻ തിരയുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു.
മഹിമ ഗൗരിയുടെ തോളിൽ കൈവെച്ചു.
“നമുക്ക് പോയി കിടന്നാലോ? അവൻ നല്ല ഉറക്കത്തിലാണ്. ബാക്കി നമുക്ക് പിന്നേ നോക്കാം.”
“നീ പൊയ്ക്കോ… ഞാൻ കുറച്ചു നേരം കൂടി ഇവിടെ ഇരിക്കാം. ഇവൻ ഉറങ്ങട്ടെ,”
ഗൗരി തന്റെ അനിയന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
നിറഞ്ഞ കണ്ണുകളോടെയാണെങ്കിലും, തന്റെ ലോകം മുഴുവൻ കൈവെള്ളയിലുള്ള ഒരു സംതൃപ്തി ഗൗരിയുടെ മുഖത്തുണ്ടായിരുന്നു.)
****************
((രാത്രി 12 മണി.
രാത്രിയുടെ നിശബ്ദത കൗസ്തുഭം തറവാടിനെ പൊതിഞ്ഞിരുന്നു. മുകളിൽ മേഘങ്ങൾക്കിടയിലൂടെ ചന്ദ്രന്റെ മങ്ങിയ വെളിച്ചം ജനാല വഴി മുറിക്കുള്ളിലേക്ക് അരിച്ചെത്തുന്നുണ്ട്.
അകത്തെ മുറിയിൽ അനുവും ലക്ഷ്മിയും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. അനുവിന്റെ ശ്വാസം മുറുകുന്നത് ലക്ഷ്മി അറിഞ്ഞു.
അതൊരു താക്കീതെന്നോണം ആ മുറിയിലെ നിശബ്ദതയെ കീറിമുറിച്ചു. അനു മെല്ലെ എഴുന്നേറ്റിരുന്നു, അവളുടെ ഉള്ളിലെ ദാഹം സിരകളെ വലിഞ്ഞു മുറുക്കുകയാണ്.
ലക്ഷ്മി ഒന്നും പറഞ്ഞില്ല. അവൾക്ക് ഈ നിമിഷങ്ങൾ പരിചിതമാണ്. അവൾ എഴുന്നേറ്റിരുന്ന് തന്റെ കഴുത്തിലെ മുടി വശത്തേക്ക് മാറ്റി അനുവിനായി ചായ്ഞ്ഞു കൊടുത്തു. അനുവിന്റെ കണ്ണുകളിൽ ഒരുതരം നിസ്സഹായാവസ്ഥ നിഴലിച്ചെങ്കിലും അവളുടെ ശരീരം മറ്റൊരു ഭാഷയാണ് സംസാരിച്ചത്.