അതിനിടയിലാണ് ലക്ഷ്മി മാഡം സംസാരിച്ചു തുടങ്ങിയത്.
“നമ്മൾ കാര്യങ്ങളൊക്കെ ഫോണിലൂടെ സംസാരിച്ചതാണല്ലോ… ഇനിയിപ്പോ അധികം ആലോചിച്ച് സമയം കളയണ്ട.”
അവർ ചായക്കപ്പ് ടീപ്പോയിയിൽ വെച്ചു.
“എനിക്ക് ഈ കല്യാണം എത്രയും പെട്ടെന്ന് നടത്തണം.”
ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല. അവർ ഇത് മുൻപും ഫോണിലൂടെ സൂചിപ്പിച്ചതാണ്. പെട്ടെന്ന് നടത്തണം എന്ന ആഗ്രഹം അവർക്കുണ്ട്.
പക്ഷേ, ആ വർത്തമാനത്തിൽ ഒരു വല്ലാത്ത ധൃതിയുണ്ടോ?
“അല്ല മാഡം… പെട്ടെന്ന് എന്ന് പറയുമ്പോൾ? ഒരു ഡേറ്റ് മനസ്സിൽ കണ്ടിട്ടുണ്ടോ?”
ഏട്ടൻ ചായക്കപ്പ് താഴെ വെച്ചിട്ട് ചോദിച്ചു
ഒരു നിമിഷം അവിടെ നിശബ്ദമായി. ലക്ഷ്മി മാഡം ഒന്ന് ആലോചിച്ചു. ശേഷം വളരെ കൂളായി പറഞ്ഞു:
“അടുത്ത ആഴ്ച!”
“ബ്ഭ്…!”
ഞാൻ കുടിച്ചുകൊണ്ടിരുന്ന ചായ തരിപ്പിൽ പോയി!
തൊണ്ടയിൽ കുടുങ്ങിയ ചായ മൂക്കിലൂടെയും വായിലൂടെയും തെറിച്ചു. ഞാൻ ചുമച്ചുപോയി. കണ്ണ് നിറഞ്ഞ് വെള്ളം വന്നു.
എല്ലാവരും ഞെട്ടി എന്നെ നോക്കുന്നു. അനു പോലും കൗതുകത്തോടെ എന്നെ നോക്കുന്നുണ്ട്.
ഞാൻ എങ്ങനെയൊക്കെയോ ചുമയൊന്ന് ഒതുക്കി. തൊണ്ടയിൽ തീ എരിയുന്നത് പോലെ.
‘അടുത്ത ആഴ്ചയോ?!’
എന്റെ കിളി മൊത്തം പറന്നുപോയി.
നേരത്തേ എന്ന് പറഞ്ഞപ്പോൾ ഇത്രയും നേരത്തേ ആവും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. അടുത്ത മാസമോ, അല്ലെങ്കിൽ രണ്ട് മാസം കഴിഞ്ഞോ എന്നൊക്കെയാണ് ഞാൻ വിചാരിച്ചത്.
ഇതിപ്പോ… ഇവർക്കിതെന്താ വട്ടാണോ?