”മറക്കരുത്… നീ മംഗലത്തെ അവസാനത്തെ ആൺതരി മാത്രമല്ല മറിച്ച് ആ നാഗകുടുംബത്തിന്റെ കാവൽക്കാരനാണ്
അടുത്ത ദിവസം ക്ലാസ്സിൽ വന്ന നന്ദനയ്ക്ക് ആ പഴയ കാവിലെ പെണ്ണിന്റെ ഭാവമേ ഇല്ലായിരുന്നു. അവൾ കൂട്ടുകാരോട് ചിരിച്ചു സംസാരിക്കുന്നു, നോട്ട്സ് എഴുതുന്നു… ഒരു സാധാരണ കോളേജ് പെൺകുട്ടി.
ഞാൻ അവളുടെ അടുത്തേക്ക് ചെല്ലുമ്പോഴെല്ലാം അവൾ ഒരു അപരിചിതനോടെന്നപോലെ പെരുമാറി.
പക്ഷേ, അവളുടെ ആ ‘അറിയാത്ത ഭാവം’ എന്നെ കൂടുതൽ വട്ടുപിടിപ്പിച്ചു. ഞാൻ അറിയാതെ തന്നെ അവളെ പിന്തുടരാൻ തുടങ്ങി. ലൈബ്രറിയിൽ അവൾ ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്തെ ടേബിളിൽ, അവൾ നടന്നു പോകുന്ന വരാന്തകളിൽ… എവിടെയും എന്റെ കണ്ണുകൾ അവളെ തിരഞ്ഞു.
”എടാ… നീ ഇത് എന്ത് നോക്കുവാ ?” അർജുൻ ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുമ്പോൾ എന്റെ തോളിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു.
“നിന്നോടാ ഞാൻ പറയുന്നത്. അവൾ വേറെ ടൈപ്പാ എന്ന് പറഞ്ഞത് വെറുതെയല്ല. നീ ഇപ്പോൾ ഒരുമാതിരി മയക്കത്തിലാണല്ലോ.”
”അവൾ എന്നെ നോക്കുന്നുണ്ട് അജൂ… പക്ഷേ സംസാരിക്കാൻ ചെല്ലുമ്പോൾ അവൾക്ക് ഒന്നും അറിയില്ലെന്ന് ഭാവിക്കുന്നു,” ഞാൻ പരിഭ്രമത്തോടെ പറഞ്ഞു.
”അതാണ് അവളുടെ ടൈപ്പ്! ആളുകളെ വട്ടുപിടിപ്പിക്കാൻ അവൾക്ക് പ്രത്യേക കഴിവുണ്ട്. നീ ഇതിൽ പോയി ചാടണ്ട,” അർജുൻ മുന്നറിയിപ്പ് തന്നു.
പക്ഷേ ഞാൻ കേട്ടില്ല. അന്ന് വൈകുന്നേരം കോളേജ് കോമ്പൗണ്ടിന് പുറത്തുള്ള ചെറിയ ചായക്കടയിൽ അവൾ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടു. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു.