ഞാൻ അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി. കൈ പൊള്ളിപ്പോയി.
“ദൈവമേ… പനി…”
അവളുടെ ശരീരം പഴുത്ത ഇരുമ്പ് പോലെ തിളയ്ക്കുകയായിരുന്നു. അസാധാരണമായ ചൂട്.
അതിനേക്കാൾ ഭയപ്പെടുത്തുന്നതായിരുന്നു അവളുടെ വിയർപ്പ്. ശരീരം മുഴുവൻ കുളിച്ചു നിൽക്കുകയാണ്. വിയർപ്പുതുള്ളികൾ അവളുടെ നെറ്റിയിലൂടെയും കഴുത്തിലൂടെയും മഴ പോലെ ഒഴുകിയിറങ്ങുന്നു. ആ കറുത്ത വസ്ത്രം മുഴുവൻ നനഞ്ഞു കുതിർന്നിരുന്നു.
“വെള്ളം… കുറച്ചു വെള്ളം താ…”
നിധി വെപ്രാളത്തോടെ പറഞ്ഞു. കൃതിക വേഗം ഒരു കുപ്പി വെള്ളം എടുത്തു കൊടുത്തു.
നിധി കുറച്ചു വെള്ളം കയ്യിലെടുത്ത് ആമിയുടെ മുഖത്ത് തളിച്ചു.
“ആമീ… എഴുന്നേൽക്ക്…”
വെള്ളം വീണപ്പോൾ അവളൊന്നു ഞരങ്ങി. പല്ലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. ശരീരം വിറയ്ക്കുന്നുണ്ട്.
ആമിയുടെ ഈ അവസ്ഥ കണ്ട് എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ആ ഫൈറ്റ്… ആ മോതിരം… അത് അവളുടെ ഊർജ്ജം മുഴുവൻ വലിച്ചെടുത്തിരിക്കുന്നു.
“പേടിക്കണ്ട… ഒന്നും ഉണ്ടാവില്ല…”
നിധി എന്റെ കൈയ്യിൽ മുറുകെ പിടിച്ചു. അവളുടെ കൈകളും വിറയ്ക്കുന്നുണ്ടായിരുന്നു. ആമിയുടെ ചൂട് ഞങ്ങളിലേക്ക് പടരുന്നത് പോലെ… കാറിനുള്ളിലെ അന്തരീക്ഷം ആകെ വഷളായിക്കൊണ്ടിരുന്നു.
കാർ ചീറിപ്പാഞ്ഞു പോവുകയാണ്. എന്റെ മടിയിൽ കിടക്കുന്ന ആമിയുടെ ശരീരം ഓരോ നിമിഷവും കഴിയുന്തോറും കൂടുതൽ കൂടുതൽ ചൂടുപിടിക്കുകയായിരുന്നു.
അവളുടെ വിരലിലേക്ക് ഞാൻ നോക്കി. ആ മോതിരം… അതൊരു കനൽക്കട്ട പോലെ തിളങ്ങുന്നുണ്ട്.