“നിക്ക്… എങ്കെ ഓടറേ…?”
(നിൽക്ക്… എങ്ങോട്ടാ ഓടുന്നേ…?)
അയാൾ കൈകൾ വിരിച്ചുപിടിച്ച് ഞങ്ങളുടെ വഴി മുടക്കി. അയാളുടെ മുഖത്ത് സംശയവും ദേഷ്യവും ഉണ്ടായിരുന്നു…
എനിക്ക് നിൽക്കാൻ കഴിയില്ല. എന്റെ തോളിൽ ബോധമറ്റ കിടക്കുന്ന ആമി…
പക്ഷേ, എനിക്ക് പ്രതികരിക്കാൻ സമയം കിട്ടുന്നതിന് മുൻപേ സച്ചിൻ ആ കാര്യം ഏറ്റെടുത്തു.
ഓട്ടത്തിനിടയിൽ തന്നെ സച്ചിൻ വായുവിൽ ഉയർന്നു ചാടി അയാളെ ചവിട്ടി തെറിപ്പിച്ചു…
“ഠേ…”
അപ്രതീക്ഷിതമായ ആ ചവിട്ടേറ്റ് അയാൾ തെറിച്ച് പോയി ഗേറ്റിന്റെ അരികിലേക്ക് വീണു.
“തുറക്കെടാ…”
രാഹുൽ അലറിക്കൊണ്ട് ഗേറ്റിന്റെ വലിയ കൊളുത്ത് വലിച്ചൂരി. ഭാരമുള്ള ആ വാതിൽ ഞങ്ങൾ എല്ലാവരും കൂടി തള്ളിത്തുറന്നു.
പുറത്തെത്തിയതും റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവയിലേക്ക് ഞങ്ങൾ പാഞ്ഞു കയറി.
രാഹുൽ ഡ്രൈവിംഗ് സീറ്റിലേക്ക് ചാടിക്കയറി. ഞാൻ ആമിയുമായി പിൻസീറ്റിലേക്കും. ബാക്കിയുള്ളവർ തിക്കിത്തിരക്കി ഉള്ളിൽ കയറി ഡോറടച്ചു…
.
“വിട്… വേഗം വിട്…”
ഞാൻ അലറി. രാഹുൽ കാർ സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്ററിൽ ആഞ്ഞു ചവിട്ടി. ടയറുകൾ റോഡിൽ ഉരസി പുകഞ്ഞുകൊണ്ട് വണ്ടി മുന്നോട്ട് കുതിച്ചു.
കാർ ചീറിപ്പാഞ്ഞു പോകുമ്പോൾ, പിൻസീറ്റിൽ ഞാനും നിധിയും കൃതികയും കൂടി ആമിയെ ഉണർത്താൻ ശ്രമിക്കുകയായിരുന്നു.
“ആമീ… മോളേ… കണ്ണ് തുറക്കെടി…”
ഞാൻ അവളുടെ കവിളിൽ തട്ടി വിളിച്ചു.
പക്ഷേ അവൾ അനങ്ങുന്നില്ല.