ഏട്ടൻ പറഞ്ഞ ‘സ്പെല്ലിങ് മിസ്റ്റേക്ക്’ എനിക്കും ഫീൽ ചെയ്തു തുടങ്ങി.
എവിടെയോ എന്തോ ഒരു കണ്ണികണ്ണികൾ തമ്മിൽ ചേരാത്തത് പോലെ…
പക്ഷേ, കിരൺ പറഞ്ഞ വാക്കുകൾ എന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു. “അവൾക്ക് നിന്നെ ഇഷ്ടമാണ്… അത് മാത്രം നോക്കിയാൽ പോരേ?”
ഞാൻ തലയുർത്തി എല്ലാവരെയും ഒന്ന് നോക്കി. അവരുടെയൊക്കെ മുഖത്ത് പ്രതീക്ഷയും ഒപ്പം ആശങ്കയും നിഴലിക്കുന്നുണ്ട്. എനിക്കുവേണ്ടി കാത്തിരിക്കുകയാണ് അവർ.
ഇനിയും ഇത് ആലോചിച്ച് തല പുകയ്ക്കാൻ എനിക്ക് വയ്യ. എന്ത് വന്നാലും നേരിടാം.
ഞാൻ പതുക്കെ സോഫയിൽ നിന്നും എഴുന്നേറ്റു.
“എനിക്കൊന്നും അറിയില്ല ഏട്ടാ… ഞാൻ ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല.”
ഞാൻ ഒരു ദീർഘശ്വാസം വിട്ടു.
“നിങ്ങൾ എന്താന്ന് വെച്ചാൽ ചെയ്തോ… എനിക്ക് സമ്മതമാണ്.”
അത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു.
പിന്നിൽ നിന്നും അമ്മയുടെയും ഏട്ടത്തിയുടെയും ആശ്വാസവാക്കുകളും സന്തോഷവും കേൾക്കാമായിരുന്നു. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. എന്റെ മനസ്സ് മുഴുവൻ ആ പഴയ ചോദ്യത്തിലായിരുന്നു…
‘എവിടെ വെച്ചാണ് അനു എന്നെ കണ്ടത്? എപ്പോഴാണ് അവൾക്ക് എന്നോട് ഇഷ്ടം തോന്നിയത്?’
ഉത്തരം കിട്ടാത്ത ആ ചോദ്യവുമായി ഞാൻ മുറിയിലേക്ക് നടന്നു…….
************************
പിന്നീടുള്ള കുറച്ച് ആഴ്ചകൾ…
ചൈനയുടെ ബുള്ളറ്റ് ട്രെയിൻ പാഞ്ഞുപോകുന്ന വേഗത്തിലായിരുന്നു പിന്നീടുള്ള എന്റെ ജീവിതം.