“മ്മ്… ഇഷ്ടമാണ്.”
ഞാൻ പതിയെ സമ്മതിച്ചു.
“എന്നാപ്പിന്നെ നിനക്ക് അവളെ അങ്ങ് കെട്ടിക്കൂടാ? അമ്മ പറഞ്ഞത് അവൾക്കും നിന്നെ ഇഷ്ടപ്പെട്ടു എന്നല്ലേ? പിന്നെന്താടാ നിനക്ക് പ്രശ്നം?”
ഞാൻ ദീർഘശ്വാസം വിട്ടു..
“എടാ കിരാ… അത് ശരിയാവില്ലടാ. എവിടെ കിടക്കുന്ന അവൾ, എവിടെ കിടക്കുന്ന ഞാൻ? അവൾ കോടീശ്വരിയാണ്.പിന്നേ എന്നെക്കുറിച്ച് നിനക്ക് അറിയാവുന്നതല്ലേ…നാളെ അവളുടെ കാശിന്റെ പേരിൽ നാട്ടുകാരും വീട്ടുകാരും എന്നെ കളിയാക്കും. ഒരു അലങ്കാര വസ്തുവായി ഇരിക്കേണ്ടി വരും…അത്രയും വലിയ ബന്ധങ്ങളൊന്നും നമുക്ക് പറ്റില്ല.”
എന്റെ മറുപടി കേട്ടതും കിരൺ വീണ്ടും ചിരിച്ചു…
“ഇതുകൊണ്ടാണ് ഞാൻ പറഞ്ഞത്, നീ ഒരു സാഡിസ്റ്റ് ആണെന്ന്.”
“എന്ത്?”
“അതെടാ. സ്വന്തം സന്തോഷം സ്വയം നശിപ്പിക്കുന്ന സാഡിസ്റ്റ്! നീ ഒന്ന് ആലോചിച്ചു നോക്കിയേ… അവൾക്ക് നിന്നെ പണ്ടേ അറിയാം. നിന്റെ ഈ, തൊഴിലില്ലായ്മയും, നിന്റെ ഈ കൂതറ സ്വഭാവവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അവൾ നിന്നെ സ്നേഹിച്ചത്. അല്ലാതെ നിന്റെ പോക്കറ്റിലെ ഗാന്ധിപ്പടം കണ്ടിട്ടല്ല.”
അവൻ ടെറസിലൂടെ ഒന്ന് നടന്നു, എന്നിട്ട് എന്റെ മുന്നിൽ വന്ന് നിന്നു. അവന്റെ വാക്കുകൾക്ക് നല്ല മൂർച്ചയുണ്ടായിരുന്നു.
“നീ ഒന്ന് കണ്ണടച്ച് ആലോചിച്ചു നോക്കിയേ… ഇന്ന് നീ അവളെ കൊണ്ട് പോയത് എങ്ങോട്ടാ? ഹയാത്തിലെ എസി റൂമിലേക്കല്ല, ഓടയുടെ സൈഡിലെ നാറുന്ന തട്ടുകടയിലേക്ക്. അവിടെ ആ ഈച്ചയാർക്കുന്ന ബെഞ്ചിൽ ഇരിക്കാൻ അവൾ മടി കാണിച്ചോ? ഇല്ലല്ലോ…”