“നടക്കൂല തള്ളേ… ഈ കല്യാണം നടക്കൂല!”
എന്റെ ഒച്ച പൊങ്ങി. ക്ഷീണം കൊണ്ട് ശബ്ദം ഇടറിയെങ്കിലും അതിലെ ദൃഢത കണ്ട് അമ്മയും ചേച്ചിയും ഒന്ന് ഞെട്ടി.
“നിങ്ങൾ ആരോട് ചോദിച്ചിട്ടാ ഈ കല്യാണം ഉറപ്പിച്ചത്? എന്നോട് ചോദിച്ചോ? എനിക്ക് സമ്മതമാണോ എന്ന് തിരക്കിയോ?”
ഞാൻ കിതച്ചുകൊണ്ട് എല്ലാവരെയും മാറി മാറി നോക്കി.
“അത്രക്കും പൈസ ഉള്ള ഒരു പെണ്ണിനേ താങ്ങാനുള്ള ശേഷി എനിക്കില്ല.”
ഞാൻ നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു.
“എനിക്ക് മാത്രമല്ല, അത്യാവശ്യം ജോലിയും കൂലിയും ഒക്കെയുള്ള നിങ്ങൾ ഉൾപ്പെടുന്ന നമ്മുടെ ഈ കുടുംബത്തിനും കഴിയില്ല അവളെ താങ്ങാൻ. അവളുടെ ജീവിതരീതിയും നമ്മുടെ ജീവിതരീതിയും തമ്മിൽ ഏഴയലത്ത് പോലും വരില്ല. നാളെ അവളുടെ കാശിന്റെ ഹുങ്ക് കണ്ട് മിണ്ടാതിരിക്കാൻ പറഞ്ഞാൽ അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. അതുകൊണ്ട് വേണ്ട… എനിക്ക് വേണ്ട ഈ ബന്ധം.”
അത്രയും പറഞ്ഞ് മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു.
തല കറങ്ങുന്നുണ്ടായിരുന്നു. കാലുകൾ നിലത്തു ഉറയ്ക്കുന്നില്ല.
ഒരു മദ്യപാനിയെപ്പോലെ ആടിയാടി, ചുവരുകളിൽ പിടിച്ചാണ് ഞാൻ എന്റെ മുറിയിലേക്ക് നടന്നത്. പിന്നിൽ അമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതൊന്നും കേൾക്കാൻ ഞാൻ നിന്നില്ല.
റൂമിൽ കയറിയതും വാതിൽ വലിച്ചടച്ചു.
ബെഡിലേക്ക് വീഴാൻ തുടങ്ങിയ ഞാൻ, ദേഹമാകെ ഒട്ടിപിടിക്കുന്ന അസ്വസ്ഥത കാരണം നേരെ ബാത്ത്റൂമിലേക്ക് വേച്ചു വേച്ചു നടന്നു.