ഞാൻ പാതി മാത്രം കണ്ണ് തുറന്നു. എല്ലാം മങ്ങിയിരിക്കുകയാണ്. മൂടൽമഞ്ഞ് മൂടിയ പോലെ അവ്യക്തമായ രൂപങ്ങൾ.
കാഴ്ച്ച തെളിഞ്ഞു വരാൻ കുറച്ച് സമയമെടുത്തു.
പതിയെ പതിയെ എന്റെ മുന്നിലുള്ള ചിത്രം വ്യക്തമായി വന്നു. സ്റ്റിയറിംഗിൽ കൈവെച്ച്, എന്നെത്തന്നെ നോക്കി നിൽക്കുന്ന ഒരു പെൺരൂപം…
അനു!
അപ്പോഴാണ് ബോധം വീണത്. ഞാൻ കാറിലാണ്! ഉറങ്ങിപ്പോയി! നാശം… അഭിനയിക്കാൻ വന്നവൻ കൂർക്കം വലിച്ച് ഉറങ്ങിയോ? ഛെ! നാണക്കേട്!
ഞാൻ ഞെട്ടിപ്പിടഞ്ഞ് സീറ്റിൽ നിന്നെഴുന്നേൽക്കാൻ നോക്കി.
പക്ഷേ…
ശരീരത്തിന്റെ പാതി ബലം ആരോ ഊറ്റിയെടുത്തെപോലെ! കൈകാലുകൾക്ക് ഒരു സ്വാധീനവുമില്ലാത്ത അവസ്ഥ.
കണ്ണുകൾ ഇറുക്കിത്തുറന്ന് ഞാൻ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി.
ഇതെന്റെ വീടാണ്! കാർ വീടിന്റെ ഗേറ്റിന് മുന്നിൽ വന്നുനിൽക്കുന്നു. എപ്പോഴാണ് ഇത്രയും ദൂരം ഓടിയെത്തിയത്? ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ.
“സോറി…”
എന്തിനാണെന്ന് അറിയാതെ, എന്റെ വായിൽ നിന്നും ഒരു ‘സോറി’ വീണുപോയി. ക്ഷീണം കൊണ്ട് ശബ്ദം പുറത്തേക്ക് വന്നോ എന്ന് പോലും സംശയം.
അവൾ അതിന് മറുപടിയൊന്നും തന്നില്ല.
സ്റ്റിയറിംഗിൽ പിടിച്ച് മുന്നോട്ട് നോക്കി ഇരിക്കുകയാണ്.
ഞാൻ വിറയ്ക്കുന്ന കൈകൊണ്ട് ലിവർ വലിച്ച് കാറിന്റെ ഡോർ തുറന്നു. പുറത്തേക്ക് കാലെടുത്തു വെച്ചതും…
‘വിറയൽ…!’
ഭൂമി കറങ്ങുന്നതാണോ അതോ എന്റെ തല കറങ്ങുന്നതാണോ? ചെവി രണ്ടും അടഞ്ഞിരിക്കുന്നു. മൂളൽ മാത്രം കേൾക്കാം.