അവർ കരുതിയിരുന്നിരിക്കും അവരുടെ കാലശേഷം കടങ്ങളെല്ലാം തള്ളി പോകുമെന്നും 16 വയസ്സുകാരൻ മകനെ മൂത്ത മകൾ സംരക്ഷിക്കുമെന്നും..
ഒരു കൗമാരക്കാരൻ പയ്യനെയും എട്ടു ലക്ഷത്തിൻ്റെ കടബാധ്യതയും തോളിൽ വെക്കാൻ താൽപ്പര്യമില്ലാത്ത അളിയനും പെങ്ങളും കൂടി മൂന്നാം നാളത്തെ ചടങ്ങും കഴിഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഇനിയെന്ത് എന്ന് അറിയാതെ പ്രതീക്ഷ നഷ്ടപ്പെടാതെ പെങ്ങളുടെ കണ്ണിൽ തന്നെ ഞാൻ നോക്കി നിന്നു..
ലവലേശം കൂസലില്ലാതെ അളിയൻ്റെ ബൈക്കിൻ്റെ പിന്നിലിരുന്ന് പെങ്ങൾ ഇറങ്ങി പോയപ്പോൾ എൻ്റെ മനസ്സിൽ നിന്ന് കൂടിയാണ് അവർ ഇറങ്ങി പോയത്..
പെട്ടെന്നാണ് ഞാൻ ആരുമില്ലാതെയായത്, വാപ്പയില്ല, ഉമ്മയില്ല, പെങ്ങൾ ഇല്ല, കുടുംബക്കാർ ആരുമില്ല..
അയൽവാസികളുടെ കാരുണ്യം കൊണ്ട് ഒരു ആഴ്ച്ച ആഹാരം കിട്ടി.. ഇനിയും ഇങ്ങനെ തുടർന്നാൽ ശരിയായില്ലെന്ന് കരുതി തൊട്ടടുത്തുള്ള ഒരു ലോറി മുതലാളിയെ കണ്ട് ഒരു ലോറിയിൽ ക്ലീനർ ആയിട്ട് കയറിപ്പറ്റി..
റബ്ബർ തടിയും കയറ്റി തിരുവനന്തപുരത്ത് നിന്നും പെരുമ്പാവൂർ പോയി തിരികെ വരുമ്പോൾ രൂപ 350 രൂപ കിട്ടുമായിരുന്നു..
പതിയെ പതിയെ തങ്കയ്യൻ മുതലാളിയുടെ വിശ്വസ്തനായ ഞാൻ പതിനേഴാം വയസ്സിൽ മുതലാളിയുടെ ഒരു കൊലക്കേസ് ഏറ്റെടുത്തു ജയിലിലായി..
മുതലാളിയുടെ വക്കീലും പണവും എന്നെ പതിനെട്ട് വയസാകും മുന്നേ തന്നെ പുറം ലോകം കാണിച്ചു..
മുതലാളി എൻ്റെ കടങ്ങൾ തീർത്തു വീടിൻ്റെ ആധാരം എൻ്റെ കയ്യിൽ വെച്ച് തന്നു.. പിന്നെ എൻ്റെ പ്രതാപ കാലമായിരുന്നു, ആരെയും വകവെയ്ക്കാതെ ആണൊരുത്തനായി ഞാൻ ഒറ്റക്ക് വളർന്നു..