ഉറക്കത്തിൻ്റെ ആലസ്യം വിട്ടു മാറാതെ ലുങ്കിയും വാരി ചുറ്റി ആടിയുലഞ്ഞു പോയി ഡോർ തുറന്നു..
“എന്തോന്ന മാമിയെ നിങ്ങള് രാവിലെ തന്നെ ശല്ല്യം ആണല്ലോ.. “
ഉറക്കം നഷ്ടപ്പെട്ട അമർഷത്തിൽ ഞാൻ ചോദിച്ചു..
വല്ലപ്പോഴും പൈസക്ക് അത്യാവശ്യം ഉള്ളപ്പോൾ മാത്രം വീടും പരിസരവും ഒക്കെ അടിച്ചുവാരാൻ വരുന്ന പാത്തുമ്മ മാമിയാണ്.. അക്കരെ കുന്നുംപുറത്ത് മോളൂടെയും മരുമകൻ്റെയ്യും കൂടെ തട്ടിയും മുട്ടിയും കഴിഞ്ഞു പോകുവാണ് പാത്തുമ്മ മാമി, വെയിലത്ത് തലകറങ്ങി വീണു ഞാൻ എടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി പണ്ടൊരിക്കൽ അന്ന് തുടങ്ങിയ അടുപ്പമാണ്..
“നിങ്ങള് മിനങ്ങാന്നു അല്ലേ മാമി വന്നു തൂത്ത് വാരി ഇട്ടിട്ടു പോയത്, അന്ന് തന്ന പൈസയക്കെ ഇത്ര പെട്ടെന്ന് തീർന്നു പോയാ…”
ഞാൻ ആക്കിയാണ് ചോദിച്ചത്..
വാർധക്യം ചുളിവ് വീഴ്ത്തിയ നെറ്റിയിൽ കൂടി ഒലിച്ചിറങ്ങിയ വിയർപ്പ് തലയിലിട്ടിരുന്ന കുറഞ്ഞ കളർ ഷാൾ കൊണ്ട് തുടച്ചു കൊണ്ട് പാത്തുമ്മ മാമി സ്റ്റെപ്പില് തന്നെ ഇരുന്നു കൊണ്ട് പറഞ്ഞു..
” എൻ്റെ പൊന്നു മോനെ,, നിന്നെ ഞാൻ ഫോണില് വിളിച്ച് നോക്കി, ഫോണ് ഓഫായിരുന്നു.. പിന്നെ പെട്ടെന്ന് ഇങ്ങോട്ട് പോന്നു.. ആര്യങ്കാവിൽ എൻ്റെ ഒരു ബന്ധു ഉള്ള കാര്യം പറഞ്ഞിട്ടില്ലേ,, ആ കൊച്ചൻ കേറി തൂങ്ങി കളഞ്ഞു…”
ഞാൻ കസേരയിൽ നിന്ന് നിവർന്നിരുന്നു നെടുവീർപ്പ് ഇട്ടു, തൂങ്ങി മരണം എന്ന് കേൾക്കുമ്പോൾ തന്നെ എനിക്കൊരു മരവിപ്പ് ശരീരത്തിലൂടെ കടന്നു പോവും, ഇത് കേൾക്കുമ്പോൾ നമ്മുടെ ഇരുപത് സെൻറ് പുരയിടത്തിന്റെ മൂലയിലെ ഓട്ടു മാവിൽ തൂങ്ങിയാടുന്ന ഉമ്മയെയും വാപയെയും ഓർമ വരും..