അയാളുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.
“എന്ത്… നതാഷ ഈ വീട് ലോക്ക് ചെയ്യാതെയാണോ കിടന്നുറങ്ങുന്നത്?
ഈ നഗരത്തിൽ ഇത്രയും അശ്രദ്ധ കാണിക്കാമോ?”
അയാൾ പരിഭ്രമത്തോടെ അകത്തേക്ക് കയറി.
മുകളിലത്തെ നിലയിൽ അവരുടെ ബെഡ്‌റൂമിൽ തിരഞ്ഞെങ്കിലും അവിടെ നതാഷ ഉണ്ടായിരുന്നില്ല.
ബെഡ് വിരികൾ വടിവൊത്ത രീതിയിൽ തന്നെ ഇരിക്കുന്നു..അതിനർത്ഥം അവൾ അവിടെ കിടന്നിട്ടില്ല എന്നാണ്.
“നതാഷാ… നതാഷാ…”
അയാൾ വിളിച്ചു നോക്കി. മറുപടിയില്ല.
താഴേക്ക് ഓടിയിറങ്ങിയ അയാളുടെ കണ്ണുകൾ ആ ഗസ്റ്റ് റൂമിൽ ഉടക്കി.
തുറന്നു കിടക്കുന്ന ആ വാതിലിലൂടെ അയാൾ കണ്ടത് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഉറങ്ങുന്ന നതാഷയെയാണ്.
ഉപയോഗശൂന്യമായി കിടന്നിരുന്ന ആ മുറിയിൽ അവൾ എന്തിന് വന്നു കിടന്നു എന്ന് അയാൾക്ക് മനസ്സിലായില്ല.
അവളുടെ മുടിയിഴകൾ ചിതറിക്കിടക്കുന്നു, ആ മുറിയിലാകെ അപരിചിതമായ ഒരു മണം പടർന്നു നിൽക്കുന്നത് മാത്യു ശ്രദ്ധിച്ചില്ല.
ക്ഷീണം കാരണം അവൾ അവിടെ ഉറങ്ങിപ്പോയതാകാം എന്ന് കരുതി അയാൾ അടുക്കളയിലേക്ക് പോയി.
ഒരു ചായ കുടിച്ചാൽ ആശ്വാസം കിട്ടുമെന്ന് അയാൾക്ക് തോന്നി.
എന്നാൽ ഫ്രിഡ്ജ് തുറന്ന അയാൾ സ്തംഭിച്ചു പോയി.
അവിടെ പാൽ പാക്കറ്റുകൾ ഉണ്ടായിരുന്നില്ല.
സ്ഥിരം ദിനചര്യ മാതിരി ദിവസവും വൈകുന്നേരം നതാഷ വാങ്ങാറുള്ള ആ രണ്ട് പാക്കറ്റുകൾ എവിടെപ്പോയി?
അവൾ അത് വാങ്ങാൻ മറന്നോ അതോ ഇന്നലെ രാത്രി അവൾ വീട്ടിൽ ഉണ്ടായിരുന്നില്ലേ?
സംശയങ്ങളുമായി അയാൾ പുറത്തുള്ള ചെറിയ കടയിലേക്ക് പാൽ പാക്കറ്റ് വാങ്ങാനായി നടന്നു.