പക്ഷെ ആ വാക്കുകൾ പുറത്തേക്ക് വരാൻ ഒരുങ്ങുമ്പോഴൊക്കെ എന്റെ ഉള്ളിൽ എന്തോ ഒന്ന് പൊട്ടിത്തെറിക്കുമായിരുന്നു…
ഇപ്പോഴുള്ള അവസ്ഥയിൽ നമ്മൾ രണ്ടുപേരും സന്തോഷവാന്മാർ
അല്ല… കുറഞ്ഞത് അവളെങ്കിലും
സന്തോഷിക്കട്ടെ എന്നൊരു അശക്തമായ ആഗ്രഹം…
എല്ലാത്തിനുമുപരി ഞാൻ ചെയ്ത
തെറ്റിന്റെ കറുപ്പ് തിന്നേണ്ടത് ഞാൻ തന്നെയാണെന്ന ഉദ്ബോധം!!
പക്ഷേ… അതേ സമയം വീണ്ടും അവൾക്ക് അതിനു അനുമതി കൊടുക്കാൻ എനിക്ക് സാധിക്കുന്നുമില്ല…
അവളെ എനിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം…
ഒരു വശത്ത് ത്യാഗം എന്ന മുഖാവരണം ധരിച്ച കുറ്റബോധം…
മറ്റെ വശത്ത് സ്വാർത്ഥത എന്ന് പേര് വിളിക്കാവുന്ന അവകാശബോധം…
രണ്ടും ഒരുമിച്ച് എന്റെ ഉള്ളിൽ വളരുന്ന
ഒരു വല്ലാത്ത മാനസികാവസ്ഥ…
അവളെ വിട്ടുകൊടുക്കാൻ ധൈര്യമില്ല
അവളെ ഇങ്ങനെ പിടിച്ചു നിർത്താൻ
അർഹതയുമില്ല!!
*************
ദിവസങ്ങൾ വീണ്ടും ഇഴഞ്ഞു നീങ്ങുകയായിരുന്നു…
കാര്യങ്ങൾക്ക് ഒരു മാറ്റവും സംഭവിക്കാതെ…
ഉള്ളിൽ കരഞ്ഞുകൊണ്ട് അവളെ സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിച്ചു.
മനസ്സിൽ വിരഹദുഃഖം പേറി എന്നെ ആശ്വസിപ്പിക്കാൻ പുറമേ പുഞ്ചിരിയണിഞ്ഞ് അവളും!
ഇതിനിടയിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് യാതൊരു മുന്നേറ്റവും ഉണ്ടായില്ല…
അവസാനം അവർ കണ്ടു പിരിഞ്ഞപ്പോൾ എന്ത് സന്ധിയിലാണ് വാക്കാൽ ഒപ്പുവെച്ചതെന്ന് എനിക്ക് അറിയാൻ കഴിഞ്ഞില്ല…
ഷബീനയോട് അത് ചോദിക്കാനുള്ള അവസരവും കിട്ടിയിരുന്നില്ല…