ഷബീന അല്പനേരം മൗനം പാലിച്ചു…
ആ മൗനം അവൾ പറയാതെ വിട്ട
വാക്കുകളേക്കാൾ ഭാരമായിരുന്നു…
പിന്നെ അവൾ തുടർന്നു…
“ശരിക്കും… ആ നിമിഷം എനിക്ക് അദ്ദേഹത്തോട് വല്ലാത്ത സഹതാപം തോന്നിയിരുന്നു…”
അവൾ ഒന്ന് നിർത്തി… ശ്വാസം അടക്കി…ഒരു നിമിഷം വാക്കുകൾക്ക് മുന്നോട്ട് പോകാൻ മടി തോന്നി…
“നിങ്ങളോട്…വല്ലാത്ത വെറുപ്പും…”
ആ അവസാന വാക്കുകൾ പുറത്തുവന്നപ്പോൾ ഷബീനയുടെ ശബ്ദം പെട്ടെന്ന് കട്ടിയായി…
അത് ദേഷ്യം മാത്രമല്ല… നാളുകളായി
അകത്ത് ഒളിപ്പിച്ചു വെച്ച ഇരുട്ട്
ഒരേ നിമിഷം ശബ്ദമായി മാറിയതുപോലെ…
ഹ്മ്മ്…
അക്ഷമയോടെ ഞാനത് ചോദിക്കുമ്പോൾ, അവൾക്കു നേരെ കുറച്ച് മുന്നോട്ടേക്ക് ഊന്നി ഞാൻ ഇരുന്നു…
എന്റെ ശരീരഭാഷ പറഞ്ഞത് ഒരേയൊരു കാര്യം മാത്രം—
ഇപ്പോൾ ഞാൻ അവളെ വിചാരണ ചെയ്യുന്ന മാനസികാവസ്ഥയിൽ അല്ല..
പകരം, പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ഒരുതരം വല്ലാത്ത ധൃതിയിലായിരുന്നു ഞാൻ…
എന്നെ അല്പം ആശ്ചര്യത്തോടെ നോക്കുന്ന ഷിബിനയുടെ കണ്ണുകളിൽ,
എന്റെ ആ മാറ്റം അവൾക്കും വ്യക്തമായി മനസ്സിലായെന്ന് ഞാൻ വായിച്ചു…
ഷബീന തുടർന്നു…
കുറച്ചുനേരം നമ്മൾ നിശബ്ദരായി…
ഡോക്ടർ സോഫയിൽ തന്നെ തളർന്ന് ഇരുന്നു… ഞാൻ അപ്പോഴും ആ വാതിലിനരികിൽ തന്നെയായിരുന്നു…
കുറച്ച് കഴിഞ്ഞ് ഡോക്ടർ എന്റെ അടുക്കലേക്ക് വന്നു… എന്റെ കണ്ണുകളിലേക്ക് നോക്കാതെ തന്നെ,
“ഇനി നമ്മൾ എന്നെന്നേക്കുമായി പിരിയുകയാണോ” എന്ന് അദ്ദേഹം ചോദിച്ചു.. അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നത് ഞാൻ വ്യക്തമായി കേട്ടു…