ഭ്രമത്തോടെ തന്നെ അവൾ എന്റെ കൈയിൽ കയറി പിടിച്ചു…
എന്നെ തടഞ്ഞുനിർത്തുന്നുവെന്ന പോലെ…
വീണ്ടും കുറച്ച് നിമിഷങ്ങൾ— മുഖത്തോട് മുഖം നോക്കി,,, വാക്കുകളില്ലാതെ…
അവളുടെ കൈകൾ ബലമായി മാറ്റാൻ ഞാൻ ശ്രമിച്ചില്ല…
സ്വയം വിട്ടൊഴിയാൻ അവൾക്കും മനസ്സുണ്ടായില്ല…
അപ്പോഴേക്കും മൊബൈൽ വീണ്ടും വിറവിറച്ചു… അസഹിഷ്ണുതയുള്ള ഒരു ആവർത്തനം പോലെ… ക്ഷമ തീരുന്ന ഒരു ഓർമ്മിപ്പിക്കൽ പോലെ…
ഞാൻ വീണ്ടും കണ്ണുകൾ കൊണ്ടു അവളോട് കോൾ എടുക്കാൻ ആവശ്യപ്പെട്ടു…
അവിശ്വസനീയമായ കണ്ണുകളോടെ അവൾ കുറച്ചുനേരം കൂടെ എന്റെ മുഖത്തേക്ക്തന്നെ നോക്കി നിന്നു…
ആ നോട്ടത്തിൽ ഒരു ജീവിതം മുഴുവൻ കെട്ടിപ്പിടിച്ച വേദന ഉണ്ടായിരുന്നു…
പിന്നീട് പതിയെ… വളരെ പതിയെ…
എന്റെ കൈകളിലെ പിടിത്തം അവൾ വിട്ടു…
അക്ഷമയോടെ വിറയ്ക്കുന്ന ‘മൊബൈൽ’ കൈകളിൽ പിടിച്ചുകൊണ്ട് അവൾ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി…
അത് ഒരു ചോദ്യം ആയിരുന്നില്ല…
അവസാനമായി അനുവദനം തേടുന്ന ഒരു നോട്ടം മാത്രം…
ഞാൻ ഒന്നും പറഞ്ഞില്ല… പറഞ്ഞാൽ സ്വയം തകർന്നുപോകുമെന്നുറപ്പുള്ള വാക്കുകൾ ഞാൻ ഉള്ളിലൊതുക്കി…
മിണ്ടാതെ അവളുടെ പ്ലേറ്റ് കൈകളിൽ എടുത്തു … അവളുടെ എച്ചിലും ഞാൻ തന്നെ വാരി…
അടുക്കളയിലേക്ക് നടക്കുമ്പോൾ ശരീരത്തിനു കാറ്റിനെക്കാളും ഭാരം കുറഞ്ഞതുപോലെ തോന്നി…
എല്ലാം നഷ്ടപ്പെട്ട ഒരാളുടെ ശരീരംപോലെ…
ഹൃദയം പൊട്ടിത്തെറിച്ചിട്ടും,
കാലുകൾ ഇടറാതെ തന്നെ ഞാൻ നടന്നു… വീഴാൻ പോലും അവകാശമില്ലാത്ത അവസ്ഥ…