അതെല്ലാം കടന്ന് എന്റെ ഹൃദയം കുത്തിപ്പൊളിച്ച ഒരു നിശ്ശബ്ദ സമ്മതം..
അവളുടെ കണ്ണുകളിൽ അത് മുഴുവനായി വ്യക്തമായിരുന്നു…
കുറച്ച് നിമിഷങ്ങൾ മൗനം തന്നെ നമ്മൾക്കിടയിൽ കെട്ടിക്കിടന്നു…
മുഖത്തോട് മുഖം നോക്കി ഇരുന്നതല്ലാതെ, ഒരു വാക്കും പുറത്ത് വന്നില്ല… പറയാനുള്ളതെല്ലാം ഉണ്ടായിരുന്നു… പക്ഷേ പറയാൻ ശേഷിയില്ലാത്ത പോലെ…
എനിക്ക് വിശപ്പ് എന്ന തോന്നൽ തന്നെ അപ്രത്യക്ഷമായിരുന്നു…
ഞാൻ പതിയെ എഴുന്നേറ്റപ്പോൾ, എന്റെ ഓരോ ചലനവും സൂക്ഷ്മമായി പിന്തുടരുന്ന ഷബീനയുടെ നോട്ടവും എനിക്കൊപ്പം ഉയർന്നു…
അപ്പോൾ മൊബൈൽ വീണ്ടും വിറച്ചു… ആ വിറയൽ എന്റെ നെഞ്ചിനുള്ളിൽ ഒരു മുറിവ് വീണ്ടും തുറന്നതുപോലെ തോന്നി…
ഷബീന എന്നെയും പിന്നെ മൊബൈലിലേക്കും മാറിമാറി നോക്കി… മൂന്നു തവണ…
ഒരൊ നോക്കിലും സംശയവും പേടിയും ചേർന്നു…
ഒടുവിൽ അവൾ എന്റെ മുഖത്തേക്ക് നോട്ടം തറപ്പിച്ചപ്പോൾ, ഞാൻ നിശ്ശബ്ദമായി മൊബൈലിലേക്കു കണ്ണോടിച്ചു…
ആ കോൾ അറ്റൻഡ് ചെയ്തോളൂ എന്നത് വാക്കുകളില്ലാതെ അവളോട് പറഞ്ഞു…
അവൾ തലകുലുക്കി…
വാക്കുകളില്ലാത്ത ഒരു “വേണ്ട”
ലജ്ജയേക്കാളും നാണക്കേടിനേക്കാളും കൂടുതൽ വേദന നിറഞ്ഞൊരു നിഷേധം…
പതിവിന് വിപരീതമായി, ഞാൻ തിന്നുകഴിഞ്ഞ പാത്രം ഞാൻ തന്നെ എടുത്തു… എച്ചിൽ വാരുമ്പോൾ കൈകൾ അല്പം വിറച്ചു…
അത് വിശപ്പല്ലായിരുന്നു…
അകത്തൊതുക്കിയ ഒരു കലക്കം മാത്രമായിരുന്നു…
എന്റെ ആ നീക്കങ്ങൾ കണ്ട്, ഭ്രമിച്ച കണ്ണുകളോടെ എന്നെ നോക്കുന്ന ഷബീനയുടെ എച്ചിലുകൾ വാരാൻ എന്റെ കൈ നീണ്ടു…