കാറിനടുത്തേക്ക് വന്ന അയാൾ കൃത്യം നക്ഷത്ര ഇരിക്കുന്ന പിൻഭാഗത്തെ ഗ്ലാസിന് നേരെ വിരൽ ചൂണ്ടി അത് താഴ്ത്താൻ ആംഗ്യം കാണിച്ചു.
ആ കറുത്ത ഹെൽമെറ്റിനുള്ളിലെ നിഗൂഢമായ കണ്ണുകൾ കണ്ടതും നക്ഷത്രയുടെ ഉള്ളൊന്നു കാളി. അവൾ വല്ലാതെ ഞെട്ടിപ്പോയി. ആ ഞെട്ടൽ തന്റെ കൂടെയിരിക്കുന്ന സാമും അനന്തുവും അറിയാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. സാം ഗ്ലാസ്സ് പതുക്കെ താഴ്ത്തി.
അയാൾ തന്റെ കയ്യിലുണ്ടായിരുന്ന ഒരു ചെറിയ കവർ അവൾക്ക് നേരെ നീട്ടി.
വളരെ പരുക്കനായ, എന്നാൽ ശാന്തമായ സ്വരത്തിൽ അയാൾ പറഞ്ഞു:
”മേടം… ജിമ്മിൽ നിന്ന് ഇറങ്ങിയപ്പോൾ ഇത് എടുക്കാൻ മറന്നുപോയി. ഇത് അവിടെ ഇരുന്നാൽ ശരിയാവില്ലല്ലോ ഇപ്പോളല്ലേ ആവിശ്യം .”
നക്ഷത്ര വിറയലോടെ ആ കവർ വാങ്ങി. ആ കവറിനുള്ളിൽ എന്താണെന്ന് നക്ഷത്രയ്ക്ക് അറിയില്ലായിരുന്നു ഒരു ഭയം അവളെ പിടികൂടിയിരിന്നു . അത് അവരിൽ നിന്നും ഒളിക്കാനായി അവൾ വേഗം തന്റെ മടിയിൽ ഒതുക്കാൻ ശ്രമിച്ചു. പക്ഷേ, സാമും അനന്തുവും സംശയത്തോടെ ആ കവറിലേക്കും ആ അപരിചിതനിലേക്കും നോക്കി ഇരിക്കുകയായിരുന്നു.
അയാൾ ഒന്ന് നിൽക്കാതെ തിരിഞ്ഞു നടന്ന് തന്റെ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. ഒരു നിഴൽ പോലെ അയാൾ ആ ഇരുട്ടിലേക്ക് മറഞ്ഞു.
കാറിനുള്ളിൽ ഒരു നിശബ്ദത പടർന്നു. നാസർ വണ്ടി മുന്നോട്ട് എടുത്തെങ്കിലും അവന്റെ കണ്ണുകൾ കണ്ണാടിയിലൂടെ നക്ഷത്രയുടെ മേലായിരുന്നു.
”എന്താടാ ആ കവറിൽ?”
നാസർ പരുക്കനായി ചോദിച്ചു.
“നീയൊന്ന് ഞെട്ടിയല്ലോ നക്ഷത്രേ… ആരാണത്? നിന്റെ ഏതോ പഴയ ആളാണോ ?”