മീരയുടെ നെഞ്ചിൽ പെട്ടെന്നെന്തോ ഒരു ഭാരം വീണ പോലെ. അവൾ വൈൻ ഗ്ലാസ് താഴെ വച്ചു. രാവിലെ ഡിപ്പാർട്മെൻറ് വിട്ട ഇവനെന്താണ് വൈകുന്നേരം ഒരു എമർജൻസി? പിന്നെ അടുത്ത ആ മെസ്സേജ് എന്തായിരുന്നു? അവന്റെ കയ്യിൽ അവളുടെ മണമോ? ഉറക്കം വരുന്നില്ലെന്നോ?
മീര എന്ത് വിചാരിക്കണം എന്നറിയാതെ എന്തോ പോലെ ആയി. എന്തെങ്കിലും സാധാരണ കാരണം ഉണ്ടാകും അവൾക്കു മനസ്സിലാവാത്തത്. എന്തെങ്കിലും പ്രാങ്ക് ആയിരിക്കുമോ? എന്തായാലും അഞ്ജലിയോട് ഇൻഡയറക്റ്റ് ആയിട്ട് ചോദിക്കാം. അവൾ എന്റടുത്തു പറയാതിരിക്കില്ല.
പെട്ടെന്ന് ബെഡ്റൂമിന്റെ വാതൽ അടക്കുന്ന ശബ്ദം കേട്ടു. അഞ്ജലി തിരിച്ചു വന്നിരുന്നു.
“ആഹാ നീ ഗസൽ ഒക്കെ കേട്ടുതുടങ്ങിയോ?”.
“ഇല്ലെടി അത് നിന്റെ ഫോൺ ആണ്. എന്റെ ചാർജ് തീർന്നു.”
മീര അഞ്ജലിയെ ഒന്ന് നിരീക്ഷിച്ചു. വന്നു ഫോൺ എടുത്തു നോക്കിയ അഞ്ജലിയുടെ മുഖത്ത് പെട്ടെന്നൊരു ചെറിയ ചിരി വന്നിട്ടതങ്ങു പോയി.
“ഇന്ന് വൈകിട്ട് കുറെ ആക്സിഡന്റ് കേസ് ഉണ്ടായിരുന്നു എന്ന് കേട്ട്. ബിസി ആയിരുന്നോ?”
“അതേടാ. നാല് ആക്സിഡന്റ്.”
” ജൂനിയർസ് എല്ലാരും ഉണ്ടായിരുന്നോ? അർജുനൊക്കെ?”
പെട്ടെന്ന് അർജുന്റെ പേര് കേട്ട അഞ്ജലി ചെറുതായിട്ടൊന്നു ഞെട്ടി. അവളതു അധികം പുറത്തു കാണിച്ചില്ല. പക്ഷെ സൂക്ഷിച്ചു നോക്കിയിരുന്ന മീരക്ക് പിടിക്കാൻ അത് ധാരാളമായിരുന്നു.
” ആരൊക്കെയോ ഉണ്ടായിരുന്നു. തിരക്കാകുമ്പോ ആരാ ഏതു കേസ് എന്നൊന്നും ഓർമ്മ നിക്കില്ല. അവനെ കണ്ടതായിട്ടു ഓർക്കുന്നില്ല.”