തളർച്ചയോടെ ഫോൺ തിരികെ വെച്ച് വിഷ്ണു ഹാളിലേക്ക് വന്നിരുന്നു. അവന്റെ മുഖത്തെ നിരാശ കണ്ട കിരൺ അരികിലെത്തി.
”ഒന്നും കിട്ടിയില്ലേ വിഷ്ണൂ?”
കിരൺ താഴ്ന്ന സ്വരത്തിൽ ചോദിച്ചു.
വിഷ്ണു തലയാട്ടി
. “ഇല്ല കിരൺ, എല്ലാം ക്ലീനാണ്. പക്ഷേ ആ ഹെഡ്‌സെറ്റ് ഞാൻ കണ്ടതാ… അവൾ ആരുടെയോ നിർദ്ദേശങ്ങൾ കേൾക്കുന്നുണ്ട് എനിക്കുറപ്പാടാ .”
കിരൺ അൽപ്പനേരം ആലോചിച്ചു.
“വിഷ്ണൂ, എനിക്ക് തോന്നുന്നത് ആ അപകടം നടന്ന ദിവസം മുതലാണ് ഇതെല്ലാം തുടങ്ങിയത് എന്നാണ്. നമുക്ക് ഒരു കാര്യം ചെയ്താലോ? നിങ്ങൾ അന്ന് സിനിമ കണ്ട് ഇറങ്ങിയ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ ഒന്ന് പരിശോധിക്കാം. നിങ്ങളെ ആരെങ്കിലും പിന്തുടർന്നിട്ടുണ്ടെങ്കിൽ അത് നമുക്ക് അതിൽ കാണാൻ പറ്റും. ബ്രേക്ക് കേബിൾ മുറിച്ചതൊക്കെ ആസൂത്രിതമാണെങ്കിൽ തീർച്ചയായും ആരെങ്കിലും നിങ്ങളെ നിരീക്ഷിച്ചിട്ടുണ്ടാകും.”
കിരണിന്റെ വാക്കുകൾ വിഷ്ണുവിന് പുതിയൊരു പ്രതീക്ഷ നൽകി. അവർ രണ്ടാളും വേഗം മുറിയിൽ പോയി വസ്ത്രം മാറി പുറപ്പെടാൻ തയ്യാറായി. അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന നക്ഷത്രയെ ഒന്നുകൂടി നോക്കിയ ശേഷം, വിഷ്ണുവും കിരണും തിയേറ്ററിലേക്ക് തിരിച്ചു പോകും നേരം നാസറിനെ വിളിച്ചുകൊണ്ട് അന്ന് നടന്ന കാര്യങ്ങൾ കിരൺ പറയുകയും പറ്റുമെങ്കിൽ അ സമയം അടുത്തുള്ള അവന്റെ അമ്മായിയോട് അവളെ ഒന്ന് ശ്രദ്ധിക്കാൻ പറയുകയും ചെയ്തു….
സത്യം അവിടുത്തെ ക്യാമറകളിൽ എവിടെയെങ്കിലും പതിഞ്ഞിട്ടുണ്ടാകുമെന്ന് അവർ വിശ്വസിച്ചു. ആ കാർ യാത്രയിൽ വിഷ്ണുവിന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം ബാക്കിയായി— “നക്ഷത്രയുടെ ഫോണിൽ ഒന്നുമില്ലെങ്കിൽ, പിന്നെ അവൾ ആരുടെ നിർദ്ദേശമാണ് അനുസരിക്കുന്നത്?”