”നക്ഷത്രാ… ബ്രേക്ക് കിട്ടുന്നില്ല!”
വിഷ്ണുവിന്റെ ശബ്ദത്തിൽ പരിഭ്രാന്തി പടർന്നു.
നക്ഷത്ര പേടിയോടെ വിഷ്ണുവിനെ നോക്കി.
“എന്ത്? വിഷ്ണുവേട്ടാ ചുമ്മാ തമാശ പറയല്ലേ…”
“അല്ലടി സത്യം”
വിഷ്ണു ആഞ്ഞു ചവിട്ടി നോക്കി, ഹാൻഡ് ബ്രേക്ക് വലിക്കാൻ ശ്രമിച്ചു. പക്ഷേ, നനഞ്ഞ റോഡിൽ കാർ തെന്നി നീങ്ങുകയായിരുന്നു. വേഗത കൂടിക്കൊണ്ടിരുന്നു. മഴയുടെ ശക്തിയും കൂടി. വിഷ്ണു സ്റ്റിയറിംഗ് വെട്ടിച്ച് വണ്ടി നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചു.
”വിഷ്ണൂ… നോക്ക്!”
നക്ഷത്ര നിലവിളിച്ചു.
മുന്നിൽ വലിയൊരു പണി തീരാത്തഫ്ലാറ്റ് … കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് ഇടിച്ചു കയറി
ആ ഇരുട്ടിൽ, മഴയുടെ ശബ്ദത്തെ കീറിമുറിച്ചുകൊണ്ട് ഒരു വലിയ ശബ്ദം മുഴങ്ങിക്കേട്ടു. ചില്ലുകൾ തകരുന്നതും ലോഹഭാഗങ്ങൾ കൂട്ടിയിടിക്കുന്നതും അവസാനമായി നക്ഷത്രയുടെ ആ വിളിയും. ഒരു നിമിഷം അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു ..
.
പിന്നീട് എല്ലാം നിശബ്ദമായി.
മഴ പെയ്തുകൊണ്ടേയിരുന്നു. തകർന്നു കിടക്കുന്ന കാറിന്റെ ഹെഡ്ലൈറ്റുകൾ ആ രാത്രിയുടെ ഇരുട്ടിനെ നോക്കി മിന്നിമറയുന്നുണ്ടായിരുന്നു.
കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ വിഷ്ണുവിന് തന്റെ തലയ്ക്കുള്ളിൽ ആയിരം ചെണ്ടകൾ ഒരേസമയം കൊട്ടുന്നതുപോലെ തോന്നി. കഠിനമായ വേദനയും മരവിപ്പും. എവിടെയാണ് താൻ ഉള്ളതെന്ന് അവന് മനസ്സിലായില്ല. ചുറ്റും ഇരുട്ടാണ്, കൂട്ടിന് മഴയുടെ നേർത്ത ശബ്ദവും.