പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന, മുഷിഞ്ഞ ഒരു വെള്ള ഉടുപ്പാണ് വേഷം. പക്ഷേ അവളുടെ നിറം… വെണ്ണീറിൽ കുളിച്ചതുപോലെ വിളറിയ ചാരനിറം!
അവളുടെ കൈയ്യിൽ, കാലഹരണപ്പെട്ട… വികൃതമായ മുഖമുള്ള പഴയൊരു പാവയും ഉണ്ടായിരുന്നു…
ജീവനില്ലാത്ത ഒരു പ്രതിമ കണക്കെ അവൾ അനങ്ങാതെ നിൽക്കുന്നു.
തിരിച്ച് ഞങ്ങളും..
ഒരു നിമിഷം നിശ്ചലമായി നിന്ന ശേഷം, അവൾ മെല്ലെ അനങ്ങി തുടങ്ങി…
അവളുടെ വിളറിയ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു. പക്ഷേ ഒരു കാര്യം ഉറപ്പ് അതൊരു കുട്ടിയുടെ നിഷ്കളങ്കമായ ചിരിയായിരുന്നില്ല…മറിച്ച്, ഉള്ളിൽ ഭയം ജനിപ്പിക്കുന്ന, വല്ലാത്തൊരു നിഗൂഢത നിറഞ്ഞ ഒരുതരം ചിരി….
കയ്യിലെ ആ വികൃതമായ പാവയെ മാറോടു ചേർത്തുപിടിച്ചുകൊണ്ട്, അവൾ സാവധാനം ഞങ്ങൾക്ക് നേരെ നടന്നു വരാൻ തുടങ്ങി.
കുട്ടി ആയതുക്കൊണ്ടോ അതോ അവൾ ഒറ്റക്കായതുക്കൊണ്ടോ എന്നറിയില്ല, ഞങ്ങളുടെ കൈകോർത്ത ചങ്ങലയിൽ നിന്നും പിടി വിടാൻ ചേച്ചി ശ്രമിച്ച് ചേച്ചി അറിയാതെ അവളുടെ അടുത്തേക്ക് പോകാൻ ആഞ്ഞു.
“ചേച്ചി… വേണ്ടാ…!”
നിധിയുടെ ശബ്ദം അവിടെ ഉയർന്നു.
ചേച്ചി മുന്നോട്ട് വെച്ച കാൽ പിൻവലിക്കും മുമ്പേ, നിധി ചേച്ചിയുടെ കൈയ്യിൽ ബലമായി പിടിച്ചു വലിച്ചു…
“അങ്ങോട്ട് പോകരുത്…!”
നിധിയുടെ കണ്ണുകൾ ആ കുട്ടിയുടെ നേരെ തന്നെയായിരുന്നു.
“അതൊരു മനുഷ്യനല്ല ചേച്ചി… കാണുന്ന രൂപത്തിൽ മയങ്ങിപ്പോകരുത്…”
നിധിയുടെ വാക്കുകൾ ചേച്ചിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. ചേച്ചി വിശ്വാസം വരാതെ ആ കുട്ടിയെയും നിധിയെയും മാറി മാറി നോക്കി…