കട്ടപിടിച്ച മഞ്ഞിനെ വകഞ്ഞുമാറ്റി, എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ട് നിധി നടന്നു വരുന്നു!
അവളുടെ മുഖത്ത് ദേഷ്യമാണോ അതോ എന്നോടുള്ള പുച്ഛമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവം.
പക്ഷേ, എന്റെ ശ്രദ്ധ അവളിലായിരുന്നില്ല.
അവളുടെ തൊട്ടുപിന്നാലെ, മഞ്ഞിന്റെ പുകമറയ്ക്കുള്ളിൽ നിന്നും മറ്റൊരു രൂപം കൂടി തെളിഞ്ഞു വന്നു.
ആളെ വ്യക്തമായി കണ്ടതും എന്റെ കണ്ണ് തള്ളിപ്പോയി.
ഐഷു ചേച്ചി…!
ഇവരെങ്ങനെ ഇവിടെത്തി…?
വിശ്വാസം വരാതെ, ചോദ്യചിഹ്നമായി നിൽക്കുന്ന എന്റെ മുഖം കണ്ടതും നിധിക്ക് കാര്യം പിടികിട്ടി.
അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി.
”നോക്കണ്ട… ഒക്കെ നീ കാരണമാ…”
നിധി ചിറിക്കോട്ടിക്കൊണ്ട് പറഞ്ഞു…
ആമിയെ കണ്ടതും റോസിന് ജീവൻ തിരിച്ചു കിട്ടിയത് പോലെയായി.
അത്രയും നേരം അനുഭവിച്ച പേടി മുഴുവൻ അവൾ ആമിയുടെ തോളിലേക്ക് ഇറക്കിവെച്ചു. ഓടിച്ചെന്ന് ആമിയെ കെട്ടിപ്പിടിച്ച്, വിറയ്ക്കുന്ന സ്വരത്തിൽ അവൾ പറഞ്ഞു:
”ആമി… നമുക്ക് വേഗം ഇവിടുന്ന് പോവാം… എനിക്ക് പേടിയാവുന്നു…”
റോസിന്റെ അവസ്ഥ കണ്ട് ആമി അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഞങ്ങൾ എല്ലാവരും തിരിഞ്ഞ് നടക്കാൻ തുടങ്ങിയതായിരുന്നു.
”നിൽക്ക്…”
നിധിയുടെ ഗൗരവമുള്ള ശബ്ദം കേട്ട് ഞങ്ങൾ നിന്നു.
”നമ്മൾ വെറുതെ നടന്നാൽ പോര… എല്ലാവരും പരസ്പരം കൈ കോർത്ത് പിടിക്കണം.”