അവളുടെ തോളിൽ പിടിച്ചുകൊണ്ട് കൃതിക ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ, കൃതികയുടെ വാക്കുകൾക്ക് വിപരീതഫലമാണ് ഉണ്ടായത്. എത്ര ശ്രമിച്ചിട്ടും റോസിന്റെ പേടി കുറഞ്ഞില്ലെന്ന് മാത്രമല്ല, അവളുടെ കരച്ചിൽ ഒന്നുകൂടി ഉച്ചത്തിലാവുകയും ചെയ്തു…
അത്രയും നേരം സമാധാനിപ്പിച്ചിട്ടും റോസിന്റെ കരച്ചിൽ കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് കണ്ടപ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ കൃതിക നിസ്സഹായതയോടെ എന്നെ നോക്കി.
“ദേവാ നീയൊന്ന് ഇവ…”
അവളുടെ മറുപടി പൂർത്തിയാക്കുന്നതിനു മുന്പേ എന്റെ കൈ വിരലുകൾ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു…
ആ അടിയുടെ ശബ്ദം കാടിന്റെ നിശബ്ദതയിൽ മുഴങ്ങിക്കേട്ടു.
“മിണ്ടി പോവരുത് നീ….”
എന്റെ ശബ്ദം ആ കാട്ടിലെ മരങ്ങളിൽ തട്ടി പ്രതിധ്വനിച്ചു.
അടിയുടെ ആഘാതത്തിൽ കൃതിക ഒന്ന് വേച്ചുപോയിരുന്നു. അവൾ തലയുയർത്തി എന്നെ നോക്കിയില്ല. പകരം, തല കുമ്പിട്ട് തറയിലേക്ക് തന്നേ നോക്കി നിന്നു.
അവളുടെ കവിളിലൂടെ കണ്ണുനീർ തുള്ളികൾ മണ്ണിലേക്ക് ഇറ്റി വീഴുന്നത് എനിക്ക് കാണാമായിരുന്നു.
ആ കാഴ്ച കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു. ചെയ്തത് തെറ്റായിപ്പോയോ? എന്റെ കൈ തരിച്ചതിനേക്കാൾ കൂടുതൽ നീറിയത് ഒരുപക്ഷേ അവളുടെ മനസ്സാവാം.
പക്ഷേ, ആ നിമിഷം അതല്ലാതെ വേറെ വഴിയില്ലായിരുന്നു എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച്, ഞാൻ ആ ചിന്തകളെ തൽക്കാലത്തേക്ക് മാറ്റിനിർത്തി.
റോസ് അപ്പോഴും തറയിൽ തന്നെ ഇരിക്കുകയായിരുന്നു. ഞാൻ കുനിഞ്ഞ് അവളുടെ കൈയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു.