എലിസബത്ത് ചിന്തയുടെ ഒരു വലിയ ഭാരം വാഹിദിന്റെ തലച്ചോറിലേക്ക് കുടഞ്ഞിടുന്ന പോലെ ചോദിച്ചു. വാഹിദിന്റെ മുഖം ദയനീയമായി. കണ്ണുകളിൽ നിരാശയും മുഖത്ത് വിഷാദവും കലർന്നു. അവൾ എഴുന്നേറ്റ് വന്നു അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു തലയിൽ കവിൾ ചേർത്തു നിന്നു.
“സ്നേഹിക്കാൻ ഞാനും എന്റെ ജീവനും കൂടെയില്ലേ. എന്തിനാ പിന്നെ നീ ടെൻഷൻ ആവുന്നത്. കിഷോർ നിന്നോട് പറഞ്ഞത് എന്റെ ഊഹം ശരിയാണെങ്കിൽ, ഞാനിനി പറയാൻ പോവുന്ന കാര്യം തന്നെ ആയിരിക്കണം. നീ അറിഞ്ഞത് മുഴുവൻ ഡെന്നീസിന്റെ ഹെൽപോടെ വിദേശ മാർക്കറ്റിലേക്ക് പോയിക്കൊണ്ടിരുന്ന ശാരീസ് ഗ്രൂപ്പിന്റെ കഞ്ചാവ് ബിസിനസ് മാത്രമാണ്.
പക്ഷേ ഈ കാട്ടുമൂലയിൽ നിന്ന് വിശാലമായ ലോക്കൽ മാർക്കറ്റിലേക്ക് പോകുന്ന ഡ്രഗ് ബിസിനസ്സ് നീ ആലോചിച്ചില്ല. അത് ശരിയാണ്. ഈ രാജ്യത്തിന്റെ പല ഭാഗത്തേക്കും വൻ തോതിൽ വർഷങ്ങളായി ഈ ഭീകരവസ്തു കയറ്റിഅയക്കപ്പെടുന്നത് ശാരീസ് ഗ്രൂപ്പ് വഴിയാണ് വാഹിദ്.
ആ ബിസിനസ്സ് നടക്കുന്നത് ശാരീസ് ഗ്രൂപ്പിന്റെ ഹെഡ് ശാരികയുടെ അറിവോടെയും. ഇപ്പോൾ ആ കഞ്ചാവ് കമ്പനിയുടെ ഓണർ നീയാണ് വാഹിദ്..” അവൾ ശാന്തമായി പറഞ്ഞു നിർത്തി.
താൻ ജീവിതത്തിൽ ഉടനീളം പാലിച്ച മര്യദയും അച്ചടക്കവും വളരെ വിദഗ്ദമായി വഞ്ചിക്കപ്പെട്ടു എന്ന ബോധ്യത്തിൽ അപകർശതയും ആത്മനിന്ദയും കൊണ്ട് വാഹിദിന്റെ തല കുനിഞ്ഞു. താനൊരു വിഡ്ഢിയാക്കപ്പെട്ടു എന്ന തിരിച്ചറിവും തന്റെ ഉള്ളിൽ കുരുത്ത ആത്മാർത്ഥ സ്നേഹം ചൂഷണം ചെയ്യപ്പെട്ടു എന്ന അപാഹാസ്യതയും അവന്റെ ഉള്ളം പൊള്ളിച്ചു. അവനറിയാതെ കണ്ണുകൾ നിറഞ്ഞു. എലിസബത്ത് അവനെ പിന്നിലൂടെ വരിഞ്ഞു മുറുക്കി.