അങ്ങിനെയാണ് ഞങ്ങളുടെ കമ്പനിയുമായി കണക്ട് ആകുന്നതും കഞ്ചാവ് വിദേശത്തേക്ക് ട്രിപ്പ്‌അടിച്ചു തുടങ്ങിയതും. ഇനിയുള്ള കാര്യങ്ങൾ ഈ മസിലൻ ഗുസ്തിക്കാരൻ കണ്ടതാണല്ലോ.” അവൾ കണ്ണുകൊണ്ട് വാഹിദിനെ ഉദ്ദേശിച്ചു പറഞ്ഞു.
“ശരി. ഇനിയുള്ള കാര്യങ്ങൾ എനിക്ക് അറിയാം.പക്ഷേ ഇതൊന്നും അല്ലല്ലോ കിഷോർ എന്നോട് പറഞ്ഞത്. അത് എന്റെ ജീവിതത്തെ തകർത്തു കളഞ്ഞ കാര്യങ്ങൾ ആണല്ലോ.” അവൻ വ്യക്തത വരാതെ പറഞ്ഞു.
“തന്റെ ജീവിതം ആര് തകർക്കാൻ. അങ്ങിനെ ആരെങ്കിലും ചെയ്‌താൽ അവരെ ഞാൻ കൊന്നുകളയും വാഹിദ്. നിന്റെ ശാരികയെപ്പോലും. എന്റെ ഫ്രണ്ട്ഷിപ് ബക്കറ്റിൽ ഇഷ്ടം പോലെ ക്രിമിനൽസ് ഉണ്ട് ഡിയർ..” അവൾ സാകൂതം അവനെ വീക്ഷിച്ചു കൊണ്ട് മുരണ്ടു. വാഹിദ് ഞെട്ടലോടെ അവളെ നോക്കി.
“നീ ബാക്കി കേൾക്ക് പൊട്ടാ. അത് കളയൂ.” അവൾ തുടർന്നു.
“ജോർജ് അങ്കിൾ ശാരികയെ സ്കെച്ച് ഇട്ടത് കഞ്ചാവ് വിഷയത്തിൽ അല്ല, ആ കിട്ടാപ്പണമായ ഇരുപത് കോടിയുടെ വിഷയം കൊണ്ടാണ്. ജോർജ് അങ്കിളും ശാരികയുടെ പപ്പയും ഫ്രണ്ട്സ് ആയിരുന്നു. ജോർജ്ന്റെ കഞ്ചാവ് പരിപാടിയിൽ കൂടെ നിൽക്കാത്ത അങ്ങേരെ അങ്കിൾ ഒരു ആക്‌സിഡന്റിൽ തീർത്തു കളഞ്ഞു.
പിന്നീട് ബിസിനസ്സ് നോക്കിയിരുന്നത് ശാരികയുടെ ബ്രദർ ആയിരുന്നു. ഒരു ദിവസം അവനും അപ്രത്യക്ഷമായി. റോഡരികിൽ അങ്ങേരുടെ കാർ മാത്രം കിടന്നു. പിന്നീട് ഇത്ര വർഷമായിട്ടും അവനെ ആരും കണ്ടിട്ടില്ല. അതിൽ പിന്നെ ശാരിക വന്നു. യാതൊരു കുഴപ്പവും ഇല്ലാതെ ശാരീസ് ഗ്രൂപ്പ് വളർന്നു പടർന്നു. എന്ത് കൊണ്ട് അവൾക്ക് ഒന്നും സംഭവിച്ചില്ല.?”