“അതിൽ പിന്നെ ജോർജ് അങ്കിൾ എന്തായി എന്നത് വല്ലതും നീ അന്വേഷിച്ചോ.?” അവൻ ഭക്ഷണം ചവച്ചിറക്കുന്നത് നോക്കികൊണ്ട് അവൾ ചോദിച്ചു. ഇല്ലെന്ന് അവൻ തലയിളക്കി.
“ജോർജ് അങ്കിൾ പിറ്റേന്ന് തന്നെ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. രാത്രി ഏതോ വണ്ടി വന്നു പോയത് അറിഞ്ഞ ആദിവാസി ഊരിലുള്ള ചിലർ മൂപ്പന്റെ നിർദ്ദേശം അനുസരിച്ച് ആ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കാര്യങ്ങളൊക്കെ വ്യക്തമായി. വാതിൽ തുറന്ന് നോക്കിയപ്പോൾ മഴുവിന്റെ വെട്ടേറ്റു ചത്തു കിടക്കുന്ന പട്ടിയേയും വിഷം ബാധിച്ചു മരിച്ച തുഷാറിനെയും കണ്ടു.
കട്ടിലിൽ മുഖം വച്ചു രക്തം വാർന്നു നിലത്തിരിക്കുന്ന ജോർജ് അങ്കിൾ മരിക്കാതെ, ബോധമില്ലാതെ കിടന്നിരുന്നു. അൽപ്പം ശ്വാസം മാത്രം ബാക്കിയുണ്ടായിരുന്നു. അവർ അങ്ങേരെ വാഴയിലയിൽ പൊതിഞ്ഞു ഊരിലേക്ക് കൊണ്ട് പോയി. അവിടെ നിന്ന് അടുത്തുള്ള ഹെൽത് സെന്ററിലേക്കും.”
എലിസബത്ത് ഒരു സ്പൂൺ കൂടി ഭക്ഷണം അവന് നീട്ടി. പിന്നെ അവളും കഴിച്ചു. വാഹിദ് അമ്പരപ്പോടെ ഒരു കഥ കേൾക്കുന്നത് പോലെ കേട്ടിരുന്നു.
“കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഡോക്ടർ ഈ സംഭവങ്ങൾ പുറത്തു വിട്ടില്ല. കാരണം അയാൾക്ക് ആദിവാസി ഊരും അതിനെ ചുറ്റിപ്പറ്റി ഉള്ളവരെയും അറിയാവുന്നതാണ്. ജോർജ് അങ്കിളിനെ പ്രത്യേകിച്ചും. അയാൾ അങ്കിളിനെ അവരുടെ ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റി.
കുറേ ദിവസമെടുത്തെങ്കിലും അങ്കിൾ കുറച്ചു തുന്നിക്കട്ടുകളോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷേ അങ്ങേര് എങ്ങോട്ടോ അപ്രത്യക്ഷമായി. ഡ്രഗ് ഡീലിംഗ് കേസ് ഉള്ളതിനാൽ ഇവിടെ സേഫ് അല്ലാത്തത് കൊണ്ട് ഒളിവിൽ പോയി എന്ന് പറയുന്നതാവും ശരി.” അവൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചു പറഞ്ഞു നിർത്തി.