“ഈ നാടകത്തിനു പിന്നിൽ ഒരു കളി നടക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഇനി എന്താണ് ഈ നാടകം എന്ന് കൂടി അറിഞ്ഞാൽ മതി. അത് ഞാൻ കണ്ടെത്തിക്കോളാം.” ഡ്രൈവ് ചെയ്യുന്നതിടയിൽ സുധീർ അവളോട് പറഞ്ഞു.
“സുധീർ.. ബി കെയർ ഫുൾ.. ഓക്കേ. അനാവശ്യമായി ആണത്തം കാണിക്കാൻ ഇറങ്ങിയിട്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. So പ്ലീസ് ലീവ് ഇറ്റ്.” അവൾ നിസ്സഹായതയോടെ പറഞ്ഞു. സുധീർ കൂടുതൽ സംസാരിച്ചില്ല. മണൽതൊടികളും ചെറു പട്ടണങ്ങളും പിന്നിട്ട്, പച്ചക്കറിതോട്ടങ്ങളും ഈന്തപ്പനക്കൂട്ടങ്ങളും താണ്ടി വാഹനം കുറേ ദൂരം സഞ്ചരിച്ചു നഗരത്തിലേക്ക് കടന്നു.
രേണുകയെ അവൾ പറഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടിട്ട് വീട്ടിലേക്ക് തിരിക്കുമ്പോൾ സന്ധ്യ മയങ്ങികഴിഞ്ഞിരുന്നു. നഗരം അണിഞ്ഞൊരുങ്ങിയ പോലെ മനോഹരമായി പ്രകാശിച്ചു നിന്നു. നഗരവിളക്കുകൾ നിരന്നു നിന്ന് പ്രകാശിക്കുന്നു. അവൻ ശ്രദ്ധയോടെ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നപ്പോൾ മൊബൈൽ ശബ്ദിച്ചു. ബ്ലൂട്ടൂത്ത് കണക്ട് ആയതിനാൽ സ്‌ക്രീനിൽ രമ്യയുടെ പേര് തെളിഞ്ഞു.
“എന്താ രമ്യാ.?”
“സാർ എവിടാ. ഒന്ന് ഫ്ലാറ്റിലേക്ക് വരാമോ.’ അവളുടെ ശബ്ദത്തിൽ എന്തോ പന്തികേട് സുധീറിന് തോന്നി. വാഹിദ് സാർ വല്ലതും ചെയ്യാൻ ശ്രമിച്ചു കാണുമോ. അങ്ങിനെ വരില്ല ല്ലോ, നൂറ വിടാതെ കൂടെത്തന്നെയുണ്ട്. അത് കൊണ്ട് അങ്ങേര് ആയിരിക്കില്ല വിഷയം.
“എന്ത് പറ്റി. ശബ്ദം വല്ലാണ്ടിരിക്കുന്നല്ലോ. ഞാൻ ഇപ്പൊ വരാം, അടുത്തുണ്ട്.” അവൻ അവളെ ആശ്വസിപ്പിച്ചിട്ട് കോൾ കട്ട് ചെയ്ത് വാഹനം രമ്യയുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു.