അഥവാ അവൾ മരണപ്പെട്ട അന്ന് രാവിലെയും പ്രൈവറ്റ് നമ്പറിൽ നിന്ന് വിളിവന്നു. ആ സമയം വീട്ടിലായിരുന്ന ടവർ ലൊക്കേഷൻ മരണപ്പെട്ടു എന്ന് കരുതുന്ന സമയം ചുരം ഭാഗത്തായിരുന്നു. പിന്നീട് സ്വിച്ച്ഓഫ് ആയിരുന്നു. അഥവാ ശാരികയെ ആരോ അപായപ്പെടുത്തിയതാണ്. കിഷോറും വാഹിദും ആവർത്തിച്ചു വിശ്വസിച്ചുകൊണ്ടേയിരുന്നു.
“ഇനി നീയായിരിക്കും അവരുടെ അടുത്ത ഇര. കാരണം ശാരികയുടെ കേസ് ഒരുപക്ഷെ അവർക്കൊരു വിഷയമേ ആയിരിക്കില്ല. നിന്റെ കുഞ്ഞടക്കം അവളുടെ കൂടെ ഇല്ലാതായ സ്ഥിതിക്ക് അവർക്കിനി നീ വെറുയും വരുത്തൻ മാത്രമാണ്. പക്ഷേ അവരുടെ സത്യങ്ങൾ എല്ലാം അറിയാവുന്ന ഒരു വെല്ലുവിളി. നിന്നെ അവർ തീർക്കും വാഹിദ്.” കിഷോർ വാഹിദിന് മുന്നറിയിപ്പ് നൽകി.
“കിഷോർ, ഞാനമാത്രമല്ല നീയും. കാരണം ഇത്ര വർഷമായി അവർ സമൂഹത്തിൽ ഒരു ബ്ലാക്പോയിന്റും ഇല്ലാതെ ഇത്രത്തോളം വളർന്നിട്ടുണ്ടെങ്കിൽ നിന്റെ തലക്ക് മുകളിലുള്ള ഒരു ഷേക്ക്‌ഹാന്റ് അവർക്ക് കിട്ടുന്നുണ്ട്. പക്ഷേ നീ ഈ രഹസ്യങ്ങൾ എല്ലാം അറിഞ്ഞു കഴിഞ്ഞസ്ഥിതിക്ക് സൂക്ഷിക്കേണ്ടത് നീയും കൂടിയാണ്.” വാഹിദ് കിഷോറിനോട് പറഞ്ഞു.
“അറിയാം, പക്ഷേ അതെന്റെ ജോലിയുടെ ഭാഗമായത് കൊണ്ട് ഞാൻ ഒരു വെല്ലുവിളിയായിട്ടേ കാണുന്നുള്ളൂ. നമുക്ക് നോക്കാം.” അവൻ പറഞ്ഞു നിർത്തി.
വാഹിദിന്റെ ഏകാന്തതയുടെ വരണ്ട ജീവസ്ഥലികളിലേക്ക് വസന്തത്തിന്റെ കോലാഹളങ്ങളുമായി വന്ന മനോഹരമായ പ്രണയം ഒരു പ്രഹേളികയായി മാറി. ഉത്തരമില്ലാത്ത ചോദ്യങ്ങൾ പോലെ, തന്റെ ജീവിതം ഒരു കടംകഥ പോലെ നീണ്ടുകിടന്നപ്പോൾ, ആര് എന്തിന് വേണ്ടി അവളെ തന്നിൽ നിന്ന് ഇല്ലാതാക്കി എന്ന ചോദ്യം ഉയർന്നു നിന്നു. രാത്രി ആരെയാവും അവൾ വിളിച്ചിട്ടുണ്ടാവുക.? ശരത്തിനെ ആയിരിക്കുമോ, അതോ മറ്റാരെങ്കിലും ആയിരിക്കുമോ. ശരത്ത് ജീവനോടെ ഉണ്ടാകുമോ.? ഉത്തരമില്ലാത്ത വലിയ ആകുലതയുടെ ആകാശമണ്ഡലം തന്റെ ബോധതലങ്ങളിൽ വിരിച്ചിട്ട് ആ പ്രണയം എന്നെന്നേക്കുമായി തന്നിൽ നിന്ന് മാഞ്ഞുപോയി. വാഹിദ് നൂറയോട് പറഞ്ഞവസാനിപ്പിച്ചപ്പോൾ കണ്ണുകളിൽ നേർത്ത ചുവപ്പും നനവും കലർന്നു.