“വേണ്ട നീ ഇപ്പൊ അങ്ങോട്ട് പോകണ്ട. ആ രാജൻ ഒരു ചീഞ്ഞ നാടകം കളിക്കുന്നുണ്ട് അവിടെ. പാർട്ണർഷിപ് കൊടുക്കരുതെന്ന് എത്ര പറഞ്ഞിട്ടും കേട്ടില്ല, ഒടുവിൽ ഈ ഗതി വന്നല്ലോ മോൾക്ക് എന്നൊക്കെ ഡയലോഗ് അടിക്കുന്നുണ്ട്.
താനിവിടെ ഇരുന്നോ, ഞാൻ കൊണ്ട് വിട്ടോളും.” കിഷോർ അവനോട് പറഞ്ഞിട്ട് ആക്‌സിഡന്റ് സ്പോട്ടിലേക്ക് പോയി. കോരിച്ചൊരിയുന്ന മഴവെള്ളത്തിൽ തിരച്ചിൽ ദുർഘടമായപ്പോൾ താത്കാലികമായി നിർത്തിവച്ചപ്പോൾ കിഷോർ ജീപ്പിലേക്ക് വന്ന് വഹിദിനെയും കൊണ്ട് അവിടെ നിന്ന് വീട്ടിലേക്ക് പോയി.
ദിവസങ്ങൾ ചിലത് കഴിഞ്ഞുപോയി. ശാരീസ് വില്ലയിൽ നിതാന്തമായ മൂകത തളംകെട്ടി കിടന്നു. ആർക്കുമാരോടും ഒന്നും സംസാരിക്കാനില്ല. ആർക്ക് വേണ്ടിയാണ് ഇനിയീ വലിയ കൊട്ടാരത്തിൽ കളിചിരികളുയർത്തി തങ്ങൾ ഓടിനടക്കേണ്ടത് എന്നറിയാതെ എല്ലാവരും അവരവരുടെ ചേക്കുമൂലകളിൽ ചിറകൊതുക്കി ചുരുണ്ടുകൂടി.
വാഹിദിന്റെ മിഴികൾക്കൊപ്പം ആകാശം നിരന്തരം കരഞ്ഞുകൊണ്ടേയിരുന്നു. മലകളിൽ മഴ പെയ്യുകയും ചുരങ്ങളിൽ മലവെള്ളം കുത്തിയൊലിക്കുകയും ചെയ്തു. സാദാരണ അപകടങ്ങളുടെ വിസ്‌മൃതിയിലേക്ക് ശാരികയുടെ മരണവും തള്ളപ്പെട്ടു. കാറിന്റെ ഡോർ വഴി താഴേക്ക് വീണ ശാരിക മഴയൊഴുക്കിൽ പെട്ടതാവാം എന്ന വിശ്വാസയോഗ്യമായ ഒത്തുതീർപ്പിലേക്ക് നിയമവും നിയമപാലകരും അനുശോചനം രേഖപ്പെടുത്തി. വാഹിദും കിഷോറും മാത്രം കാലത്തിനു നേരെ മുഖം തിരിച്ചു നിന്ന് ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരുന്നു.
വാഹിദ് ഗോഡൗൺ അന്വേഷിച്ചു പോയതിന് പിറകെ എന്തിനാവും ശാരിക പിറകെ പോയത്. തലേദിവസം രാത്രിയും അവസാനമായും അവളുടെ ഫോണിലേക്ക് വന്ന പ്രൈവറ്റ് നമ്പർ കോളുകൾ ആരുടേതായിരിക്കും. ആരോടായിരിക്കും താനിനി നിങ്ങളുടെ വഴിയിൽ ഇല്ലെന്നും എന്നെ വിട്ടേക്കൂ എന്നും അവൾ കലഹിച്ചത്. ആ രാത്രിയിലെ സംസാരം കഴിഞ്ഞ് പിറ്റേദിവസം രാവിലെ,