റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നു. കലങ്ങി മറിഞ്ഞ മഴവെള്ളത്തിനൊപ്പം ചെറിയ ഉരുളൻ കല്ലുകളും താഴേക്ക് ഓടിപ്പോകുന്നുണ്ട്. ഏതാണ്ട് വളവുകൾ പിന്നിട്ടപ്പോൾ കുറച്ചു മുമ്പിലായി ഒരു ആക്‌സിഡന്റ് സംഭവിച്ചത് പോലെ പോലീസും ഫയർഫോഴ്‌സും ജനങ്ങളും കൂടി നിൽക്കുന്നത് അവൻ കണ്ടു. അങ്ങോട്ട് വാഹനം എത്തുന്നതിനു മുമ്പ് കിഷോർ ദൂരെ നിന്നെ കൈ ഉയർത്തി അവനോട് വണ്ടി നിർത്താൻ പറഞ്ഞു.
“എന്താ കിഷോർ.. അവിടെന്താ സംഭവം.” വാഹിദ് ചോദിച്ചു. താൻ വാ. നമുക്ക് ജീപ്പിൽ പോയി ഇരിക്കാം. ” കിഷോർ അവനെ വിളിച്ചു പോലീസ് ജീപ്പിലേക്ക് കൊണ്ട് പോയി.
“ടാ ഇമോഷണൽ ആവാതെ പറയുന്നത് മുഴുവൻ കേൾക്കണം.” കിഷോർ ആമുഖമായി പറഞ്ഞു.
“എന്തുവാ താനൊരുമാതിരി.. കാര്യം പറ നാറീ.” വാഹിദ് അക്ഷമനായി.
“എടാ ശാരി..”! കിഷോർ അർദ്ധോക്തിയിൽ നിർത്തി അവന്റെ മുഖത്തേക്ക് നോക്കി. വാഹിദിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. അവൻ കേട്ടത് മനസ്സിലാവാത്തത് പോലെ കിഷോറിനെ നോക്കി.
“എങ്ങിനെ എന്നറിയില്ല. മഴയിൽ നിയന്ത്രണം പോയതാണോ, ഇനി ആരെങ്കിലും മനപ്പൂർവ്വം ചെയ്തതാണോ എന്ന് അറിയില്ല. റോഡിന്റെ സൈഡ് ബ്ലോക്ക് തകർന്നു വണ്ടി പത്തുമുന്നൂറടി താഴേക്ക് പോയി ഒരു പാറയിടുക്കിൽ കുരുങ്ങി നിൽപ്പുണ്ട്. ഡോർ ചതഞ്ഞു തുറന്നിട്ടാനുള്ളത്, പക്ഷേ അകത്ത് കുറച്ചു രക്തമേ കാണാൻ ഉള്ളൂ, ആളില്ല. ഒരുപക്ഷെ താഴേക്ക് വീണിരിക്കാം.” കിഷോർ ഒറ്റയടിക്ക് കാര്യങ്ങൾ വിശദമാക്കി കൊടുത്തു. വാഹിദ് കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചെവികൾ പൊത്തി. ജീപ്പിൽ നിന്ന് ഇറങ്ങാൻ തുനിഞ്ഞ അവനെ കിഷോർ തടഞ്ഞു.