സിറ്റിയിൽ കമ്പനിയുടെ പുതിയ ഗോഡൗൺ സെറ്റ് ചെയ്യാൻ വേണ്ടി വന്നതായിരുന്നു വാഹിദ്.
എളുപ്പം പോർട്ടിലേക്ക് product മൂവ് ചെയ്യാനും ലോക്കൽ മാർക്കറ്റിൽ distribute ചെയ്യാനും സൗകര്യമുള്ള, നഗരത്തിൽ നിന്ന് അധികം അകലെയല്ലാതെ ഒരിടം കണ്ടെത്തണം എന്ന് കമ്പനിയിൽ അവനൊരു അഭിപ്രായം ഉന്നയിച്ചിരുന്നു. അത് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷേ രാജനും ശാരികയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചില്ലെങ്കിലും അവരുടെ മനസ്സിൽ കാര്യങ്ങൾ വ്യക്തമായിരുന്നു.
വാഹിദ് ഗോഡൗൺ ഷെഡ് തങ്ങൾക്ക് പറ്റുന്നതാണോ അല്ലയോ എന്നൊക്കെ അന്വേഷിച്ചു ബ്രോക്കറേയും കൂട്ടി ഓരോ ഭാഗത്തേക്ക് മാറിമാറി സഞ്ചരിക്കുന്നതിനിടയിൽ കിഷോറിന്റെ വിളി വന്നു.
“ഡേയ് വാഹീ. താൻ എവിടാ. പെട്ടന്ന് വീട്ടിലേക്ക് വാ.” കിഷോർ അൽപ്പം പരിഭ്രാന്തിയയോടെ പറഞ്ഞു.
“എന്താടാ. എന്ത് പറ്റി. ഞാൻ എറണാകുളത്താണ്. അൽപ്പം സമയമാകും.” അവൻ ചോദിച്ചു.
“ഒന്നും പറയണ്ട, വേഗം മടങ്ങി വാ. ഇപ്പൊ തന്നെ.” കിഷോർ കോൾ കട്ട് ചെയ്തു. പിന്നെ ഒരു നിമിഷം അവിടെ നിൽക്കാൻ തോന്നിയില്ല അവന്. ബ്രോക്കറേ അവിടെത്തന്നെ ഇറക്കി വാഹിദ് വീട്ടിലേക്ക് കുതിച്ചു. വീട്ടിൽ ആരെങ്കിലും ആക്രമിക്കാൻ വന്നോ? ജോർജ് ജീവനോടെ ഉണ്ടെന്നല്ലേ അറിയാൻ കഴിഞ്ഞത്. ഇനി അങ്ങേര് വീണ്ടും കളത്തിൽ ഇറങ്ങിയോ.? അതോ തന്നെ തീർക്കാൻ വന്നവരുമായി എന്തെങ്കിലും തർക്കങ്ങൾ.. അള്ളാഹ്..!
അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. വാഹനങ്ങളെ ഒന്നൊന്നായി പിന്നിലാക്കി നഗരം താണ്ടി, കോളനി താണ്ടി ഹൈവെയിൽ നിന്ന് ചുരം റോഡിലേക്ക് ബുള്ളറ്റ് ചീറിപ്പാഞ്ഞു. മഴ പ്രതികാരദാഹം തീർക്കുന്നത് പോലെ രൂക്ഷമായ രൗദ്രഭാവത്തോടെ ഭൂമിയെ കടന്നാക്രമിച്ചു കൊണ്ടിരുന്നു. ഇടിമിന്നലും കാറ്റും കാപാലിക നടനം ചെയ്തു. റോഡ് അവ്യക്തമായിട്ടും, കോടമഞ്ഞിന്റെ ചാരച്ച മൂടൽ ചെറുതായി കാഴ്ചയെ മറച്ചിട്ടും, വേഗതകുറക്കാതെ അവൻ ചുരം കയറി.