“എനിക്കീ ബന്ധം ഒരു ബാധ്യതയാണ്. മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്.” അവസാനം വാഹിദ് ഉറച്ച സ്വരത്തിൽ മുകളിലേക്ക് നോക്കി കിടന്ന് പറഞ്ഞു
“വാട്ട്.! മനസ്സിലായില്ല.” ഒരു ഞെട്ടലോടെ ശാരിക പിടഞ്ഞെഴുന്നേറ്റു. “ഏത് ബന്ധം.? ”
“ഏത് ബന്ധമാണ് നമുക്കിടയിൽ ഉള്ളത്. ആ ബന്ധം തന്നെ.” അവൻ ചൂടായി. കല്ലിച്ച സ്വരത്തിൽ തുടർന്നു. ” എനിക്ക് എന്റേതായ വഴികൾ നോക്കിയേ പറ്റൂ. വല്ലാടത്തും ചത്തുകിടക്കും എന്ന് നീ പറഞ്ഞപ്പോൾ ഇത്രേം കരുതിയില്ല. ഇത്ര പെട്ടന്ന് കൊലയാളിയെ അയക്കുമെന്ന് കരുതുയില്ല. ” അവന്റെ മുഖം വലിഞ്ഞു മുറുകി.
“എന്ത്.. ഏത് കൊലയാളി. ആരയച്ചു. എന്തൊക്കെയാ ഈ കേൾക്കുന്നത്. ഞാൻ പറഞ്ഞില്ലേ എങ്ങോട്ടും ഇറങ്ങരുതെന്ന്. ഈശ്വരാ..” അവൾ കരഞ്ഞു തുടങ്ങി.
“കണ്ണീർ വേണ്ട. എന്റെ ലോകം തന്നെ നീയായിരുന്നു. നീ എന്റെ കുഞ്ഞിന്റെ ഉമ്മയാകാൻ കാത്തിരുന്ന എനിക്ക് കിട്ടിയ സത്യങ്ങൾ നമുക്കിടയിൽ വലിയ വിടവുണ്ടാക്കിയിട്ടുണ്ട്. കണ്ണുനീർ കൊണ്ട് അവിടെ നികത്താൻ കഴിയില്ല. വഞ്ചകി.!” അവൻ പല്ല് ഞെരിച്ചു.
“അനാവശ്യം പറയരുത്. കേട്ടത് മുഴുവൻ സത്യമാണ്. പക്ഷേ അതൊക്കെ ഇതിൽ നിന്ന് എളുപ്പം ഇറങ്ങി പോകാൻ കഴിയാത്ത കാര്യങ്ങളാണ്. കഴിഞ്ഞ പത്ത് വർഷമായി നടന്ന് കൊണ്ടിരിക്കുന്ന ഒരു കളിയിൽ നിന്ന് ഇക്ക വന്നതോടെ ഇറങ്ങി പോകുക എന്ന് വിചാരിച്ചാൽ നടക്കില്ലായിരുന്നു. ഞാൻ എത്ര പറഞ്ഞു ഇതൊക്കെ വിട്ട് എങ്ങോട്ടെങ്കിലും പോകാമെന്ന്.” അവൾ ഉറക്കെ കരഞ്ഞു തുടങ്ങി.
“പണമുണ്ടാക്കാൻ ഇന്ത്യയിൽ തന്നെ ഏറ്റവും ഗൂഡ്‌വിൽ ഉള്ള ഒരു ബ്രാൻഡ് ഉണ്ടായിട്ടും അതിന്റെ മറവിൽ ഈ ഇല്ലീഗൽ ഗെയിം കൊണ്ട് പോയെങ്കിൽ മനസ്സിൽ ഒരു ക്രിമിനൽ സ്വഭാവം ഉള്ളത് കൊണ്ടാണ്. ഇപ്പൊ വരുന്ന വഴിക്ക് എനിക്ക് നേരെ ആക്‌സിഡന്റ് അറ്റെംപ്റ്റ് നടന്നതും ആ ക്രിമിനൽ മൈന്റ് ഉള്ളത് കൊണ്ടാണ്. ആക്ച്വലി ഇത്രയൊക്കെ എന്റെ ലൈഫിനെ വേട്ടയാടാൻ ഞാൻ ആരോട് എന്ത് തെറ്റാണ് ചെയ്തത്.” അവൻ നിസ്സഹായതയോടെ കൈമലർത്തി.