ചീവീടുകളുടെ നിരന്തര ശബ്ദവും വാഹിദിന്റെ ബുള്ളറ്റിന്റെ ശബ്ദവും മാത്രം ആ നിറഞ്ഞ വിജനതയെ ഭംഗപ്പെടുത്തിക്കൊണ്ടിരിക്കെ പൊടുന്നനെ മറ്റൊരു ബുള്ളറ്റിന്റെ ശബ്ദം കൂടി അന്തരീക്ഷത്തിൽകേട്ടു തുടങ്ങി. കുറച്ചു ദൂരം മുന്നോട്ട് പോയ വാഹിദ് കണ്ണാടിയിൽ കണ്ടു, വളവ് തിരിഞ്ഞു വരുന്ന ഒരു ബൈക്കിന്റെ ഹെഡ്ലൈറ്റ്. അത് അതിവേഗം പാഞ്ഞു വരുന്നുണ്ട്.
വാഹിദ് വേഗത കുറച്ച് പിന്നിലുള്ള വാഹനത്തെ ശ്രദ്ധിച്ചു. തനിക്ക് നേരെ ഒരു ആക്രമണം സംഭവിക്കാം എന്നൊരു ബോധം ഉള്ളതിനാൽ എല്ലാവരെയും സംശയത്തോടെ വീക്ഷിക്കാനുള്ള ഒരു ത്വര അവനിൽ ഉടലെടുത്തുരുന്നു.
ആ ബൈക്ക് ചീറിപ്പാഞ്ഞു വന്ന് അവന്റെ സമീപത്തേക്ക് എത്തുകയും കറുത്ത വസ്ത്രവും ഹെൽമറ്റും ധരിച്ച വ്യക്തി അവനെ ഒന്ന് നോക്കിയിട്ട് ഞൊടിയിട വേഗത്തിൽ വാഹിദിനെ ഇടിച്ചു തെറുപ്പിക്കാൻ വേണ്ടി ബൈക്ക് വെട്ടിക്കുകയും ചെയ്യുകയും ചെയ്തു.
അത് പ്രതീക്ഷിച്ചിരുന്ന വാഹിദ് പെട്ടന്ന് ബ്രേക്ക് ചവുട്ടി വാഹനം ഒന്ന് നിർത്താൻ ശ്രമിച്ചതും അജ്ഞാതൻ ഉദ്യമം പരാജയപ്പെട്ടു നിയന്ത്രണം വിട്ട ബൈക്ക് ഒരു വിധം നേരെയാക്കി ചീറിപ്പാഞ്ഞു പോകുകയും ചെയ്തു.
എത്ര വേഗത്തിൽ ഓടിയിട്ടും ആ തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള വണ്ടിയുടെ ഒപ്പമെത്താൻ അവന് സാധിച്ചില്ല. കുറേകൂടി മുന്നോട്ട് പോയപ്പോൾ റോഡ് രണ്ടായി പിരിയുന്ന ഭാഗത്ത് വച്ച് ആ വാഹനം അപ്രത്യക്ഷമാവുകയും ചെയ്തു.
വീട്ടിലെത്തി ഉറങ്ങാൻ കിടന്നിട്ടും ബെഡ്‌റൂമിൽ മൗനം തളം കെട്ടിനിന്നു. ശാരികയും വാഹിദും അവരവരുടെ ചിന്താ ഭാരവുമായി ആലോചനയിൽ കണ്ണടച്ചു കിടന്നു. തനിക്ക് പ്രിയപ്പെട്ടതൊക്കെ തന്നെ പ്രിയപ്പെട്ടതായി കാണണമെന്നില്ല എന്ന് വാഹിദ് ചിന്തിച്ചു. ഒരു സംശയവും ഇല്ലാതെ, തെറ്റിദ്ധാരണ ഇല്ലാതെ, താൻ പ്രണയിച്ചിരുന്ന പെണ്ണ് എന്ത് ഭയങ്കരിയാണെന്ന് അവൻ ആലോചിച്ചു. വല്ല അഴുക്കുച്ചാലിലും ചത്തു കിടക്കും എന്ന് പറഞ്ഞു മണിക്കൂറുകൾക്കകം താൻ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നു. അഥവാ കൊല്ലാൻ ആളെ അയച്ചിരിക്കുന്നു.