“എലീ ഞാനൊന്ന് ഉറങ്ങിപ്പോയി. നല്ല ക്ഷീണം. ഒന്നിനും ഒരു മൂഡില്ല. നീ കിടന്ന് കുറച്ചു നേരം ഉറങ്ങൂ. പറഞ്ഞാ അനുസരിക്കൂ.” അവൻ അവളെ ഒഴിവാക്കാൻ ശ്രമിച്ചു.
“അനുസരിക്കാല്ലോ. ന്നാ ശരി. ഇടക്കിടക്ക് വിളിച്ചോ ട്ടോ. ഐ ലവ് യൂ.. ഉമ്മാ..” അപ്പുറം കോൾ കട്ടായി. എഴുന്നേറ്റ് ഫ്രഷായി നേരെ രാജനെ കാണാൻ ഇറങ്ങി ഇവിടേക്ക് വിളിച്ചു വരുത്തി. അയാൾ പോയിക്കഴിഞ്ഞിരിക്കുന്നു. ഇനിയെന്ത് എന്നൊരു ചിന്ത മാത്രം ബാക്കി കിടക്കുന്നു.
പുതിയൊരു ഗോഡൗൺ എടുത്തു പ്രോഡക്ടസ് മുഴുവൻ കഴിയുന്നതും വേഗം അങ്ങോട്ട് മാറ്റാം. ഈ ഹൈറേഞ്ച് ഏരിയയിൽ നിന്ന് മാറി ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് മാറി കുറേകൂടി സെക്യൂരിറ്റി സെറ്റപ്പിൽ കാര്യങ്ങൾ മുന്നോട്ട് നീക്കാം. മുഴുവൻ ടീമിനെയും ഒന്ന് അഴിച്ചു പണിതു അങ്ങുമിങ്ങും പ്ലേസ് ചെയ്‌താൽ കുറച്ചു ദിവസം അവർക്ക് കാര്യങ്ങൾ എളുപ്പം മുന്നോട്ട് നീക്കാൻ കഴിഞ്ഞെന്ന് വരില്ല.
അതിനിടയിൽ ശരത്ത് ആരാണെന്നും എങ്ങിനെയാണ് ശാരികയുമായി ബന്ധപ്പെടുന്നത് എന്നും അവൻ ജീവനോടെ ഉണ്ടോ അതോ അങ്ങിനെ ഒരാൾ ഇല്ലേ എന്നൊക്കെ അന്വേഷിക്കാൻ കഴിയും. ഏതായാലും ഗോഡൗണിന്റെ കാര്യം ഒരു തവണ താൻ ഉന്നയിച്ചത് അംഗീകരിക്കപ്പെട്ട സ്ഥിതിക്ക് സ്ഥലം എവിടെയെന്നു ആദ്യം അറിയിക്കാതെ കാര്യങ്ങൾ മുന്നോട്ട് നീക്കാം എന്ന് അവൻ തീരുമാനിക്കുകയും ചെയ്തു
പ്രതിസന്ധിയിൽ സന്ദേഹിച്ചു നിന്ന വാഹിദിന് പെട്ടന്ന് തന്നെ ചെറിയൊരു വഴി തെളിഞ്ഞു. അവൻ ബൈക്ക്ൽ നിവർത്തിയിട്ടിരുന്ന റെയിൻ കോട്ട് അണിഞ്ഞു വീട്ടിലേക്ക് മടങ്ങി. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ചെറിയ ചാറ്റൽ മഴയുണ്ട്. റോഡിന്റെ ഇരു ഭാഗത്തും ഇടതൂർന്ന മരങ്ങൾ തഴച്ചു വളർന്നു വനത്തിലേക്ക് നീണ്ടു പോകുന്നു. മരങ്ങൾക്കിടയിൽ കാളിമ നിറഞ്ഞ് ഇരുട്ടിന്റെ ഘനീഭവിച്ച ശാന്തത നിറഞ്ഞ് നിൽക്കുന്നുണ്ട്.