“എവിടായിരുന്നു ഇന്നലെ രാവിലെ മുതൽ ഈ സമയം വരെ.?” അവൾ ഇടുപ്പിൽ കൈ കുത്തി ദേഷ്യത്തോടെ മുരണ്ടു.
“ഞാൻ പണ്ടത്തെ പോലെ ഒരു ഡ്രൈവർ അല്ല. ഇപ്പൊ ഒരു വലിയ മാഫിയാ സംഘത്തിന്റെ ചുമതലക്കാരനാണ്. എനിക്ക് പലരേയും കണ്ട് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടാവും.” അവൻ മുരണ്ടു. ഇടിമിന്നലേറ്റത് പോലെ അവൾ നടുങ്ങി. മുഖം വിളറി അവനെ അഭിമുഖീകരിക്കാൻ കഴിയാതെ അങ്ങിങ്ങു പരതി നോക്കി.
“എന്ത് മാഫിയ. ഏത് മാഫിയ.” അവൾ തണുത്ത ശബ്ദത്തിൽ ചെറിയ കിതപ്പോടെ ചോദിച്ചു.
“കഞ്ചാവ് മാഫിയ. ലോകത്തിലെ ഏറ്റവും ഡിമാൻഡ് ഉള്ള സ്റ്റഫുകളിൽ ഒന്നായ നീലച്ചടയൻ എക്സ്പോർട്ടിങ് മാഫിയ. ശാരീസ് ഗ്രൂപ്പ് ഓഫ് ക്രിമിനൽസ്.. അറിയില്ലേ മാഡം?” അവൻ മുരണ്ടുകൊണ്ട് ചോദിച്ചു.
ശാരികയുടെ മുഖത്തെ ഞെട്ടൽ മാറിയിരിക്കുന്നു. അവിടെ ഭയാനകമായൊരു നിശബ്ദത തളംകെട്ടി നിന്നു. അവൾ കുറച്ചു നേരം അനങ്ങാതെ നിന്നിട്ട് അവന്റെ അടുത്തേക്ക് വന്നു.
“താനിത് ആരോടെങ്കിലും ഡിസ്‌കസ് ചെയ്തോ.?” അവൾ ശബ്ദം അടക്കിപ്പിടിച്ചു ചോദിച്ചു. ഇക്ക എന്ന വിളിയിൽ നിന്ന് എത്ര പൊടുന്നനെയാണ് അവൾ വെളിയിൽ ചാടിയത് എന്ന് വാഹിദ് അത്ഭുതപ്പെട്ടു.
“അതേ, വരുന്ന വഴി ഫോണിൽ വിളിച്ചു രാജനോട് ചോദിച്ചു. ആ നന്ദികെട്ട നാറിയോട്.” വാഹിദ് തന്റേടത്തോടെ ശാരികയുടെ മുന്നിൽ നിവർന്നു നിന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ശാരിക തളർന്നു. അവൾ നെറ്റിയിൽ കൈ വച്ച് കിടക്കയിലേക്ക് ഇരുന്നു.
“ആരോട് ചോദിച്ചിട്ടാ അനാവശ്യ കാര്യങ്ങളിൽ തലയിട്ടത്. ഈശ്വരാ. ഇനി എന്ത് ചെയ്യും.. ഇനി മേലിൽ ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. എങ്ങോട്ട് ഇറങ്ങിയാലും ഉസ്മാൻ ഇല്ലാതെ തനിച്ച് സഞ്ചരിക്കരുത്.” അവൾ കർക്കശമായി അവനെ താക്കീത് ചെയ്തു.