“വാഹിദ്, തീരുമാനം എടുത്തത് ഞാനല്ല ശാരികയാണ്. എല്ലാം അറിഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് നീ അവളോട് തന്നെ സംസാരിക്കൂ.” രാജൻ ഒഴിഞ്ഞു മാറി.
“രാവിലെ മുതൽ ഞങ്ങൾക്കിടയിൽ തർക്കമാണ്. അവളുടെ സംസാരം തന്നെ മാറിയിരിക്കുന്നു. ഞാൻ ചോദിച്ചതിന് പുല്ലുവില നൽകാതെ ഇന്നലെ രാത്രി മുഴുവൻ ഈ പേമാരിയിൽ എവിടെ ആയിരുന്നു എന്നാണ് അവൾക്ക് അറിയേണ്ടത്. എന്നോട് ചെയ്ത ചെറ്റത്തരം അവൾക്ക് വെറും പുല്ലുവില, പക്ഷേ ഞാൻ അവളുടെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി നിൽക്കരുത് എന്ന വാശി..” അവൻ ചൂടായി.
“കാര്യങ്ങൾ കൈവിട്ട് കഴിഞ്ഞ സ്ഥിതിക്ക് വാഹിദ് എന്താണ് പറഞ്ഞു വരുന്നത്.”? രാജന്റെ സ്വരം മാറി.
“ഡെന്നീസ് ചെയ്ത അതിസാമർഥ്യം എങ്ങിനെ കൈകാര്യം ചെയ്തോ അതേ പോലെ ഇതും അവസാനിക്കണം. ഇനിയും സമയമുണ്ട്.” അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. രാജൻ ഉറക്കെ ചിരിച്ചു. എന്നിട്ട് അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.
“വാഹിദ്, ശാരികയ്ക്ക് ആണായിട്ട് നിന്നെ മാത്രമേ ഇഷ്ടമുള്ളൂ. അത് ലോകത്തിനു മുഴുവൻ അറിയാം. എന്നാൽ ഈ ലോകത്തിനു മുഴുവൻ അറിയാവുന്ന മറ്റൊരു വിഷയം കൂടിയുണ്ട്. അത് എന്താണെന്ന് നിനക്കറിയുമോ.? അയാൾ പൈശാചികമായ ശാന്തതയോടെ അവന്റെ ചെവിയിൽ ചോദിച്ചു.
വാഹിദ് അയാളെ തുറിച്ചു നോക്കി. രാജൻ സംസാരം തുടർന്നു.
“അവൾ ആണായിട്ട് മാത്രമേ നിന്നെ സ്നേഹിക്കുന്നുള്ളൂ എന്ന കാര്യം. നിന്നെ മാറ്റി നിർത്തിയാൽ അവൾക്ക് പ്രിയപ്പെട്ടത് അവളുടെ കമ്പനിയാണ്. നിനക്ക് സ്ഥാപനത്തിന്റെ നടത്തിപ്പിന്റെ ഓണർഷിപ് മാത്രമേ തന്നിട്ടുള്ളൂ. അതായത് ഇത് മറിച്ചു വിൽക്കാനോ പ്രവർത്തനം നിർത്താനോ ഉള്ള അവകാശം ശാരീസ് ഗ്രൂപ്പ് തന്നെയാണ് തീരുമാനിക്കുക എന്നർത്ഥം.