അക്ഷോഭ്യനായി ആകാശചരുവിലേക്ക് നോക്കി നിൽക്കുന്ന വാഹിദിന്റെ മുഖത്തെ ശാന്തത രാജനിൽ അൽപ്പം ഭയം നൽകി. വാഹിദ് മാനസിക കരുത്തുള്ള യുവാവാണ്. ആരെയും ഭയമില്ലാത്തവൻ. ഭീഷണിപ്പെടുത്തി അടക്കിനിർത്താൻ ആണെങ്കിൽ സ്വന്തമായി ആരുമില്ലാത്തവൻ. തന്റെ മകളുടെ മാനം കാത്തവൻ. പക്ഷേ ഇപ്പോൾ അവൻ നിൽക്കുന്നത് തന്റെ കൈകൊണ്ട് വരച്ച കളത്തിനുള്ളിൽ അല്ല, കളത്തിന് പുറത്താണ്.
“വാഹിദ്, ഒരു കാര്യം മനസ്സിലാക്കണം. ഈ കമ്പനിയുടെ ആരംഭം തൊട്ട് കൂടെയുള്ള ആളാണ് ഞാൻ. മുമ്പും പിമ്പും എന്ന് തന്നെ പറയാം. ഇതുവരെ കാര്യങ്ങൾ ആർക്കും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പോയിട്ടുണ്ടെങ്കിൽ ഒന്നാലോചിച്ചു നോക്കൂ. ആരൊക്കെ ഇതിന്റെ കണ്ണികൾ ആയിട്ടുണ്ടെന്ന്.” അയാൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“എന്നെ എന്തിന് ഇതിലേക്ക് വലിച്ചിട്ടു എന്നാണ് ഞാൻ ചോദിച്ചത്. അല്ലാതെ നിങ്ങൾ സുഖിച്ചു ജീവിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല.” വാഹിദിന്റെ ശബ്ദം ഉയർന്നു രാജൻ ഭീതിയോടെ ചുറ്റും നോക്കി. മഴയായത് കാരണം കടയിൽ ആരും വന്നിട്ടില്ല
“കൂൾ കൂൾ വാഹിദ്. ഞാൻ നിന്നെ ശാരികയുടെ ഒരു സുരക്ഷ എന്ന് കരുതി മാത്രമേ അയച്ചിട്ടുള്ളൂ. പ്രായപൂർത്തിയായ, ഒന്നിനൊന്നു മികച്ച ഒരാണും പെണ്ണും പരസ്പരം അറിഞ്ഞു പ്രണയത്തിൽ ആയിപ്പോയതും ഒന്നായതും സ്വാഭാവികം, അതിൽ എനിക്ക് ഒരു പങ്കുമില്ല.” അയാൾ തന്റെ നിസ്സഹായത വ്യക്തമാക്കി.
“ഞാൻ ചോദിച്ചത്, താങ്കൾ എല്ലാമറിഞ്ഞിട്ടും എന്തിന് എന്നെ ആ കമ്പനിയുടെ ചുമടുതാങ്ങിയാക്കി എന്ന് മാത്രമാണ്. എന്റെ ഭാര്യ ഒരു ക്രിമിനൽ ആണെന്ന് അറിഞ്ഞാൽ എനിക്കവളെ തിരുത്താം അല്ലെങ്കിൽ ഉപേക്ഷിക്കാം. പക്ഷേ ഇന്ന് ഞാൻ ആ ഒറ്റക്കാരണം കൊണ്ട് നിങ്ങൾ നടത്തുന്ന രാജ്യദ്രോഹത്തിന്റെ ഉത്തരവാദിയാണ്. എന്തിനു എന്നോടിത് ചെയ്തു.”? അവൻ കർക്കശ സ്വരത്തിൽ ചോദിച്ചു.